| Thursday, 3rd September 2026, 7:39 am

വെല്‍ക്കം ബാക്ക് ഹോം, ഡിയര്‍ ബ്രദര്‍; ദുല്‍ഖറിന് ആശംസയറിയിച്ച് നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം. 2023ല്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. ആര്‍.ഡി.എക്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ വരവറിയിച്ച നഹാസ് ഹിദായത്തും ഐ ആം ഗെയിമിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.

ഐ ആം ഗെയിം. Photo: District

ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ 2026 ഓണത്തിനായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും ആഗസ്റ്റ് 20ന് ചിത്രം റിലീസ് ചെയ്യുമെന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഓണം ക്ലാഷ് റിലീസില്‍ നിന്നും ഐ ആം ഗെയിം മാറ്റിവെക്കുകയായിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന സവിശേഷതയോടെയാണ് റിലീസിനെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിനും ദുല്‍ഖറിനും ആശംസകള്‍ അറിയിക്കുന്ന നിവിന്‍ പോളിയുടെ പോസ്റ്റാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. വെല്‍ക്കം ബാക്ക് ഹോം, ഡിയര്‍ ബ്രദര്‍ ദുല്‍ഖര്‍, ഐ ആം ഗെയിം ബ്ലോക്ക് ബ്ലാസ്റ്റര്‍ ആകാനുള്ള എല്ലാ വിധ ആശംസകളും എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് അടക്കമുള്ള തന്റെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. വലിയ റീച്ചാണ് മണിക്കൂറുകള്‍ കൊണ്ട് പോസ്റ്റിന് ലഭിക്കുന്നത്.

Photo: District

അതേസമയം ഐ ആം ഗെയിമിന് തിയേറ്ററുകളില്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് നിവിന്റെ തന്നെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റാണ്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 200 കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ഓണം റിലീസായെത്തിയ ചിത്രം ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തതോടെ പുറത്തിറങ്ങി മൂന്നാം ആഴ്ചയിലേക്കെത്തുമ്പോഴും മികച്ച പ്രതികരണമാണ് ബെത്‌ലഹേമിന് ലഭിക്കുന്നത്.

Content Highlight: Nivin pauly wishes Dulquer Salmaan for his upcoming movie I’m Game

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more