സിനിമയുടെ വിജയപരാജയങ്ങളെ അമിതമായി ഉള്ളിലേക്ക് എടുക്കാറില്ലെന്ന് നടൻ നിവിൻ പോളി. ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ചിത്രമാണ് പ്രധാനമെന്നും, ഓരോ സിനിമയിൽനിന്നും പഠിച്ച് അടുത്ത ചിത്രത്തിൽ കൂടുതൽ മികച്ചതാക്കാനാണ് ശ്രമിക്കാറുള്ളതെന്നും നിവിൻ പോളി പറഞ്ഞു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഓരോ സിനിമ ചെയ്യുമ്പോഴും അതിന്റെ വിജയമോ പരാജയമോ തന്നെ അധികം ബാധിക്കാറില്ല. ഒരു സിനിമ വിജയിച്ചാൽ അതിന്റെ സന്തോഷം അനുഭവിക്കാറുണ്ടെങ്കിലും ആ വിജയത്തിന്റെ ആവേശം തലയിൽ കയറ്റി നടക്കാറില്ലെന്നും നിവിൻ പറഞ്ഞു. സിനിമയാണ് തന്റെ ഉപജീവനമാർഗം എന്നതിനാൽ അടുത്ത സിനിമകൾ മികച്ചതാകണമെന്ന ചിന്തയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിവിൻ പോളി. Photo. Screen grab/ Youtube
‘ഇത് ഹിറ്റായോ, ഇനി അടുത്ത സിനിമ വർക്ക് ആകേണ്ടേ എന്ന ചിന്തയാണ് എനിക്ക്. വിജയത്തിന്റെ ഹൈ കിട്ടാറുണ്ട്. പക്ഷെ അത് തലയിൽ പിടിച്ച് കൊണ്ട് നടക്കാറില്ല. എന്നെ സംബന്ധിച്ച് ഇതാണ് എന്റെ ഉപജീവനമാർഗം. അതുകൊണ്ട് ഇനിയുള്ള സിനിമകൾ നന്നാകണം. എന്തൊക്കെയാണ് വർക്ക് ആയത്, അടുത്തതിൽ എന്തൊക്കെ കുറച്ചുകൂടി ബെറ്ററാക്കാം എന്നതാണ് നോക്കുന്നത്,’ നിവിൻ പോളി പറഞ്ഞു.
സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ ചുറ്റുമുള്ളവരിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ പലപ്പോഴും തന്നെ തെറ്റായ ധാരണയിലേക്ക് നയിച്ചിട്ടുണ്ടെന്നും നിവിൻ വ്യക്തമാക്കി. സിനിമ പരാജയപ്പെട്ടാൽ ഇനി വലിയ പ്രശ്നമാണെന്ന തരത്തിലുള്ള ഒരു നരേറ്റീവ് ചുറ്റുമുണ്ടാകുമെന്നും അത് വിശ്വസിച്ച് സ്വന്തം സിനിമകളെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.
‘സർവം മായ’ വിജയിച്ചതോടെയാണ് പ്രേക്ഷകർ തന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെന്നും നല്ല സിനിമ നൽകിയാൽ അവർ തിയേറ്ററിലെത്തുമെന്നും മനസിലായതെന്ന് നിവിൻ പറഞ്ഞു.
‘സർവം മായ ഹിറ്റായപ്പോൾ ഒരു കാര്യം മനസ്സിലായി. ആൾക്കാർക്ക് എന്നെ ഇഷ്ടമാണ്. സിനിമ നല്ലതാണെങ്കിൽ അവർ അത് കാണാൻ വരും. നമ്മൾ ഒക്കെയാണെങ്കിൽ മതി എന്നൊരു കാര്യം കിട്ടി. നമ്മുടെ സിനിമകൾ പരാജയപ്പെടുമ്പോൾ ചുറ്റുമുള്ളവർ പല തരത്തിലുള്ള നരേറ്റീവ് നമ്മളോട് പറഞ്ഞുതരും. അപ്പോൾ നമ്മൾ കരുതും, ‘നമ്മുടെ സിനിമകൾ വേണ്ടായിരിക്കും’ എന്ന്. ശരിക്കും അങ്ങനെയൊന്നുമില്ല. റൈറ്റ് സിനിമ, റൈറ്റ് പരിപാടി, നല്ല ക്ലീൻ ആയി കൊടുത്താൽ അത് കാണാൻ ആളുകളുണ്ടെന്ന് എനിക്ക് മനസിലായത് സർവം മായ ഹിറ്റായപ്പോഴാണ്,’ നിവിൻ വ്യക്തമാക്കി.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കൂടി വിജയിക്കുമ്പോൾ പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയും സന്തോഷം നൽകുന്നുണ്ടെന്നും നിവിൻ പറഞ്ഞു. സിനിമ തിയേറ്ററിൽ വർക്ക് ആകുമ്പോൾ പ്രേക്ഷകർ സന്തോഷത്തോടെ പ്രതികരിക്കുന്നത് കാണുന്നതും തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb
അതേസമയം, പ്രേക്ഷകരുടെ പ്രതീക്ഷകൾ കൂടുന്നതിനൊപ്പം ഉത്തരവാദിത്വബോധവും തോന്നുന്നുണ്ടെന്നും നിവിൻ പറഞ്ഞു. കരിയർ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ വ്യത്യസ്ത തരത്തിലുള്ള സിനിമകൾ ചെയ്യേണ്ടതുണ്ടെന്നും ഒരു നടനെന്ന നിലയിൽ പലതരം കഥാപാത്രങ്ങൾ പരീക്ഷിക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആൾക്കാർ ഭയങ്കര ഹാപ്പിയാണെന്ന് കാണുമ്പോൾ ഇടയ്ക്ക് തോന്നും, ഇത് ഭയങ്കര റെസ്പോൺസിബിൾ പരിപാടിയാണല്ലോ എന്ന്. എന്നിരുന്നാലും ഒരു കരിയർ മുന്നോട്ട് പോകണമല്ലോ. പല രീതിയിലുള്ള സിനിമകൾ ചെയ്യണം എന്നുള്ളത് ഒരു നടനെന്ന നിലയിൽ എനിക്കുള്ള ആഗ്രഹമാണ്,’ നിവിൻ പോളി പറഞ്ഞു.
Content Highlight: Nivin Pauly talks about the successes and failures in his film career