| Sunday, 13th September 2026, 7:51 pm

സായ്‌യെയും എന്നെയും വെച്ച് ഗിരീഷ് ഒരു പടം പ്ലാന്‍ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ല: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സ്വപ്രയത്‌നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്കും തന്റെ സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു.

ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. ഇപ്പോഴിതാ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോം-കോം ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ 300 കോടിയും സ്വന്തമാക്കി മോളിവുഡ് ബോക്‌സ് ഓഫീസിലെ കിരീടം വെക്കാത്ത രാജവായി മാറിയിരിക്കുകയാണ് നിവിന്‍.

നിവിന്‍ പോളി. Photo: X.com

ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്നെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയ്ക്ക് പ്ലാനുണ്ടായിരുന്നു എന്ന് പറയുകയാണ് നിവിന്‍ പോളി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം നടക്കാതെ പോയെന്നും താരം പറയുന്നു.

‘സായ്‌യുടെ കൂടെ ഒരു പടം എപ്പോഴാണ് ചെയ്യുന്നത് എന്ന് എല്ലാവരും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കാറുണ്ട്. എന്നെയും സായ്‌യെയും വെച്ചുള്ള ഒരു ചിത്രമായിരുന്നു ഗിരീഷ് ആദ്യം ചെയ്യാനിരുന്നത്. സായ്‌യും അതിന് ഓക്കെയായിരുന്നു. പിന്നെ പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയതായിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.

പ്രേമം. Photo: IMDB

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ ഇരുവരുടെയും കോമ്പിനേഷന്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. പ്രേമത്തില്‍ മലര്‍ എന്ന കഥാപാത്രമായി വേഷമിട്ട താരം പിന്നാലെ സൗത്ത് ഇന്ത്യയിലെ തന്നെ തിരക്കുള്ള അഭിനേത്രിയായി മാറുകയായിരുന്നു. ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ നിവിനെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത് പ്രേമത്തിലെ സായ് പല്ലവിക്കൊപ്പമുള്ള സീനുകള്‍ ഷെയര്‍ ചെയ്തിട്ടാണെന്ന് കാണാം. ഈ സാഹചര്യത്തിലാണ് നിവിന്‍-സായ് പല്ലവി ചിത്രത്തിന്റെ ചര്‍ച്ചകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

Content Highlight: Nivin Pauly talks about the movie which was in plan with Sai pallavi directed by Girish AD

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more