| Saturday, 6th December 2025, 3:39 pm

രണ്ട് സിനിമകള്‍ തുടങ്ങിയ ശേഷം അവസാനിപ്പിച്ചു; തിരക്കഥയിലുള്ള അതൃപ്തിയാണ് നിര്‍മാതാക്കളെ പിന്തിരിപ്പിച്ചത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തകാലത്തായി നിവിന്റെ പേരില്‍ പ്രഖ്യാപിച്ച പല സിനിമകളും നിര്‍ത്തിവെച്ചന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തുടങ്ങിയ സിനിമകള്‍ പിന്നീട് വേണ്ടെന്ന് വെക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നിവിന്‍.

ഒന്നുരണ്ട് സിനിമകള്‍ തുടങ്ങിയശേഷം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും കഥാപാത്രം മുന്‍നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടുകള്‍ വരെ നടത്തിയെങ്കിലും നിര്‍മാണവിഭാഗം പിന്‍മാറിയതിനെത്തുടര്‍ന്ന് സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.

നിവിന്‍ പോളി Photo: Nvin pauly/ facebook.com

‘ എന്റെ ഭാഗത്തുനിന്നുള്ള പ്രശ്‌നമല്ല, തിരക്കഥയിലുള്ള അതൃപ്തിയാണ് നിര്‍മാതാക്കളെ പിന്‍തിരിപ്പിച്ചത്. അത്തരം കഥകള്‍ മാറ്റിവെച്ച് അവരുമായി പുതിയ ചില വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. പുതിയ പ്രൊജക്റ്റുകളുമായി സഹകരിക്കും.

സമാനമായ വേഷങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന നിര്‍ബന്ധം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. പാട്ടും നൃത്തവും തമാശയുമായി എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളോ എന്ന ചോദ്യം ഒരിടയ്ക്ക് പല ഭാഗങ്ങളില്‍നിന്നായി ഉയര്‍ന്നപ്പോള്‍, മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ നിവിന്‍ പോളി പറയുന്നു.

പിന്നീടങ്ങോട്ട് തേടിവന്ന ഗൗരവമുള്ള വേഷങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുവെന്നും ഗൗരവമാര്‍ന്നതും തമാശ നിറഞ്ഞതും അങ്ങനെ എല്ലാത്തരം വേഷവും ചെയ്യയ്‌തെന്നും നടന്‍ പറഞ്ഞു.

ഏതുതരത്തിലുള്ള സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കുകയെന്ന് മുന്‍കൂട്ടിപ്പറയാനാകില്ലെന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന, മുഷിപ്പില്ലാതെ മുന്നോട്ടുപോകുന്ന സിനിമകള്‍ നല്‍കിയാല്‍, അത് കാണാന്‍ തിയേറ്ററിലേക്ക് ആളെത്തുമെന്ന് ഉറപ്പാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍വ്വം മായ ആണ് നിവിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight:  Nivin Pauly talks about the films he had to put on hold

We use cookies to give you the best possible experience. Learn more