| Friday, 4th September 2026, 10:58 am

പ്രേമം സിനിമ കഴിഞ്ഞ ഉടനെ വാങ്ങിയതായിരുന്നു ആ ബൈക്ക്: നിവിൻ പോളി

നന്ദന. ടി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്ക് ഏറെ വഴക്കമുള്ള ഫീൽ-ഗുഡ്, റൊമാന്റിക് കോമഡി ഴോണറുകൾ മാറ്റിപ്പിടിച്ചുകൊണ്ടുള്ള നിവിൻ പോളിയുടെ പല പരീക്ഷണ ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിരാശ നൽകിയിരുന്നു.

എന്നാൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ജസ്റ്റിൻ എന്ന കഥാപാത്രത്തിലൂടെ നടൻ തന്റെ ട്രാക്കിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഏറ്റവും പുതിയ ചിത്രം വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി.

നിവിൻ പോളി. Photo. Screen grab/ Youtube

ജൂൺ 27-നായിരുന്നു ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. മോട്ടോക്രോസ് പശ്ചാത്തലമാക്കുന്ന സിനിമയിൽ ഒരു റൈഡറുടെ റോളിലാണ് നിവിന്‍ എത്തുന്നത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ടീസര്‍.

പ്രേമത്തിനു ശേഷം ചെയ്യാൻ ഇരുന്ന സിനിമയായിരുന്നു വിജയം എന്ന് പറയുകയാണ് നിവിൻ. എന്നാൽ അൽഫോൺസ് പുത്രന് അത് 3D-യിൽ ചെയ്യാൻ പ്ലാൻ ഉള്ളതുകൊണ്ട് അത് നീണ്ടുപോവുകയായിരുന്നു എന്ന് നിവിൻ പറയുന്നു. ചിത്രത്തിനു വേണ്ടി ബൈക്ക് പ്രാക്ടീസ് ചെയ്യാൻ പ്രേമം കഴിഞ്ഞ സമയത്ത് ഒരു ബൈക്ക് വാങ്ങിയിരുന്നു എന്നും നിവിൻ പറയുന്നു.

‘ശരിക്കും പറഞ്ഞാൽ പ്രേമത്തിന് ശേഷം ചെയ്യാൻ ഇരുന്ന സിനിമയായിരുന്നു വിജയം. പക്ഷെ അൽഫോൻസിന് 3D-യിൽ ചെയ്യണം എന്ന് പറഞ്ഞ് മാറ്റിവെച്ചതായിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാൻ വേണ്ടി ബൈക്ക് പഠിച്ച് പ്രാക്ടീസ് ചെയ്യാൻ വേണ്ടി ഞാൻ പ്രേമം കഴിഞ്ഞ സമയത്ത് ഒരു ബൈക്ക് വാങ്ങിയിരുന്നു. പിന്നെ പല കാരണങ്ങൾ കൊണ്ട് സിനിമ മാറിപ്പോയി. ഞാൻ തിരക്കിലായിപ്പോയി, അൽഫോൺസ് തമിഴിൽ സിനിമ ചെയ്യാൻ പോയി,’ നടൻ പറഞ്ഞു.

പിന്നീട് സിനിമ നടക്കാതെ കണ്ടപ്പോൾ പലരും ആ ബൈക്ക് വിറ്റുകളയാൻ പറഞ്ഞിരുന്നു എന്ന് ഓർത്തെടുക്കുകയാണ് നിവിൻ. എന്നാൽ സിനിമ എന്നെങ്കിലും നടക്കും എന്ന ഒരു ചിന്ത തനിക്ക് ഉണ്ടായതുകൊണ്ടാണ് അത് വിൽക്കാതെ കാത്തിരുന്നത് എന്നും നിവിൻ പറഞ്ഞു.

‘അങ്ങനെ സിനിമ നടക്കാത്തത് കണ്ടപ്പോൾ എന്നോട് കുറെ പേർ അത് നല്ല പൈസക്ക് വിറ്റുകളയാൻ പറഞ്ഞിരുന്നു. ആ ബൈക്ക് ഇമ്പോർട്ട് ചെയ്തതാണ്. അപ്പോൾ അത് കാണുമ്പോൾ ഞാൻ ആലോചിക്കുമായിരുന്നു, വളരെ ആഗ്രഹിച്ച് ആ സിനിമയ്ക്ക് വേണ്ടി വാങ്ങിയതാണല്ലോ, അത് വിറ്റാൽ ആളുകൾ വാങ്ങാൻ റെഡിയാണ്. പക്ഷെ അപ്പോഴും ഈ സിനിമ നടക്കും, അതിൽ ഈ ബൈക്ക് വരും എന്നൊക്കെ മനസിൽ ഒരു ചിന്ത അങ്ങനെ കിടന്നു.

പിന്നീട് പല സിനിമകൾ മാറി വന്നു, ഒടുവിൽ വിജയം ചെയ്യാൻ അൽഫോൻസ് തീരുമാനിക്കുന്നു. നമ്മൾ അതിന്റെ ടീസർ ഷൂട്ട് ചെയ്യുന്നു. അതിപ്പോൾ ഫൈനൽ സ്ക്രിപ്റ്റിംഗ് പരിപാടിയിലാണ്. അത് കഴിഞ്ഞാൽ ഷൂട്ടിലേക്ക് പോവും. അപ്പോൾ നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് നടക്കും എന്നപോലെയാണ്,’ നടൻ പറഞ്ഞു.

നിവിൻ പോളി. വിജയം. Photo. District

പ്രേമത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നിവിന്റെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ഇത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സും ടോണ്‍സണ്‍ ടോണി, സുനില്‍ രാമടി എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം ഒരുക്കിയിരിക്കുന്നത്.

Content Highlight: Nivin Pauly talks about the bike he bought for his upcoming movie Vijayam with Alphonse Puthren

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more