| Thursday, 1st October 2026, 4:45 pm

പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനായിരുന്നു, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

തന്നിലെ അഭിനേതാവിനെ എങ്ങനെയെല്ലാം തേച്ചുമിനുക്കിയെടുക്കാം എന്നതിന് ഉത്തമ ഉദാഹരമാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. ഭ്രമയുഗം എന്ന രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ എഴുപത്തിരണ്ടാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ് എഴുപത്തി നാലുകാരനായ മമ്മൂട്ടി ഇന്ത്യന്‍ സിനിമയില്‍ തന്റെ ആധിപത്യം തുടരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റായി ചിത്രീകരിച്ച ചിത്രത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായിട്ടുമായിരുന്നു മമ്മൂട്ടി വേഷമിട്ടത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തിലെ ഇന്റെന്‍സായ അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇപ്പോഴിതാ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള അഭിനേതാവാണ് മമ്മൂട്ടിയെന്ന് പറയുന്ന നിവിന്‍ പോളിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ അഭിമുഖത്തിനിടെയാണ് താരത്തോട് തനിക്കുള്ള ആരാധനയെ കുറിച്ച് നിവിന്‍ പോളി സംസാരിച്ചത്.

Photo: X.com

‘എന്റെ സ്‌കൂള്‍ കോളേജ് കാലം മുതല്‍ തന്നെ ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. അന്ന് ഞാന്‍ സിനിമയിലെത്തും എന്നൊന്നും എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തെ ഞാന്‍ സ്‌ക്രീനില്‍ മാത്രമായിരുന്നു അന്നെല്ലാം കണ്ടത്. അങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്റെ ആദ്യത്തെ ആഗ്രഹം എന്ന് പറയുന്നത് മമ്മൂക്കയെ കാണണം എന്നതായിരുന്നു. അതിന് ശേഷം അദ്ദേഹത്തെ ഇടയ്ക്കിടക്ക് കാണാനും സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ എന്റെ ആഗ്രഹം എന്ന് പറയുന്നത് അദ്ദേഹത്തോടൊപ്പം ഒരു സിനിമയിലഭിനയിക്കണം എന്നതാണ്. അത് ഞാന്‍ ദുല്‍ഖറിനോടും മമ്മൂക്കയോടും പറഞ്ഞിട്ടുമുണ്ട്,’ നിവിന്‍ പോളി പറഞ്ഞു.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

ബെത്‌ലഹേമിന്റെ വലിയ വിജയത്തിന് ശേഷം നിവിന്റേതായി വരാനിരിക്കുന്ന തമിഴ് ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. തമിഴിലെ ശ്രദ്ധേയനായ സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ സൂരിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാളെ(വെള്ളി)യാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Nivin Pauly talks about Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more