| Sunday, 23rd August 2026, 12:00 pm

ഏത് വേഷവും കൈകാര്യം ചെയ്യുന്നതിൽ മമിതയ്ക്ക് പ്രത്യേക ഡെഡിക്കേഷൻ; നിവിൻ പോളി

അജ്മല്‍ കെ

‘പ്രേമലു’ വിന് ശേഷം മമിത ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്ന് നടൻ നിവിൻ പോളി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ നാട്ടിൻപുറത്തെ പെൺകുട്ടിയായാണ് മമിത എത്തുന്നതെന്നും ഓരോ സിനിമയിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ മമിത സ്വയം പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും നിവിൻ പറഞ്ഞു. മനോരമ വരാന്ത പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘പ്രേമലു വിൽ മമിത അവതരിപ്പിച്ച കഥാപാത്രത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഈ സിനിമയിലെ കഥാപാത്രം. ഇതിൽ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയാണ്. ആഷ്‌ലി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏതു വേഷവും കൈകാര്യം ചെയ്യുന്നതിൽ മമിത കാണിക്കുന്ന ഡെഡിക്കേഷൻ എടുത്തുപറയേണ്ടതാണ്,’ നിവിൻ പറഞ്ഞു.

‘സൂപ്പർ ശരണ്യ’ മുതലുള്ള മമിതയുടെ സിനിമകൾ പരിശോധിച്ചാൽ ഓരോ ചിത്രത്തിലും വ്യത്യസ്തമായി എത്താൻ താരം ശ്രമിക്കുന്നതായി കാണാമെന്നും നിവിൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് മമിതയെ ഏത് സിനിമയിൽ കാണുമ്പോഴും പ്രേക്ഷകർക്ക് ഒരു ഫ്രഷ്നസ് തോന്നുന്നതെന്നും താരം പറഞ്ഞു.

അതേസമയം, ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമായതിനാൽ സമ്മർദമുണ്ടായിരുന്നോ എന്ന ചോദ്യത്തിനും നിവിൻ മറുപടി നൽകി. സമ്മർദമല്ല, സന്തോഷമായിരുന്നു ഉണ്ടായിരുന്നതെന്നാണ് നിവിന്റെ പ്രതികരണം.

‘ഭാവനാ സ്റ്റുഡിയോസ് എന്ന് സ്ക്രീനിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് അതൊരു ക്ലാസ് സിനിമയാണെന്ന പ്രതീക്ഷയുണ്ട്. മുൻപുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, സിനിമ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ഒരു ക്വാളിറ്റി ബെഞ്ച്‌മാർക്കുണ്ട്,’ നിവിൻ പറഞ്ഞു.

സംവിധായകന് നൽകുന്ന സ്വാതന്ത്ര്യമാണ് ഭാവനാ സ്റ്റുഡിയോസിന്റെ മറ്റൊരു പ്രത്യേകതയെന്നും നിവിൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആർട്ടിസ്റ്റുകൾക്കും ഒരുതരത്തിലുള്ള ശ്വാസംമുട്ടൽ അനുഭവപ്പെടാറില്ലെന്നും താരം പറഞ്ഞു.

‘പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് സമ്മർദം കൂടുമ്പോൾ ചിലപ്പോൾ സിനിമ മോശമായെന്നു വരാം. പക്ഷേ ഭാവനാ സ്റ്റുഡിയോസ് സിനിമ നന്നാക്കാൻ വേണ്ട എന്ത് കോംപ്രമൈസിനും റെഡിയാണ്,’ നിവിൻ വ്യക്തമാക്കി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Screengrab/ Youtube.com

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Nivin pauly talks about Mamitha Baiju

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more