| Wednesday, 26th August 2026, 7:00 am

ഓണമായത് കൊണ്ട് ഷൂട്ട് ബ്രേക്കായതാണ്, ഹിറ്റടിച്ചത് കൊണ്ട് കുറച്ച് കഴിഞ്ഞ് തുടങ്ങാമെന്നാണ് ഞാന്‍ പറഞ്ഞത്; വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നേരം, 1983, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നിവിന്‍ മലയാളത്തില്‍ അരക്കിട്ടുറപ്പിക്കുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയാണ്. കേരളത്തിന് പുറത്തും താരത്തിന് ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ ചിത്രം സുപ്രധാന പങ്കുവഹിച്ചിരുന്നു.

പിന്നാലെ കേരളത്തില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരത്തിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം പരാജയങ്ങളുടെ തുടര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. തന്റെ സ്ട്രോങ് ടെറിട്ടറിയായ റോം-കോം ഴോണറില്‍ നിന്നും ട്രാക്ക് മാറ്റിപിടിച്ച ചിത്രങ്ങളായിരുന്നു പരാജയപ്പെട്ടതില്‍ ഭൂരിഭാഗവും. മൂത്തോന്‍, മഹാവീര്യര്‍, പടവെട്ട്, സാറ്റര്‍ഡേ നൈറ്റ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു നേരിട്ടത്. ഇതിന് ഒരു അന്ത്യം കുറിച്ചത് കഴിഞ്ഞ വര്‍ഷം അഖില്‍ സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സര്‍വം മായ എന്ന ചിത്രത്തിലൂടെയായിരുന്നു. സര്‍വ്വം മായ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ മറ്റൊരു ഹിറ്റ് ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയിരിക്കുകയാണ് താരം.

ബെത്‌ലഹേം കുടും യൂണിറ്റ്. Photo: District

ഗിരീഷ് എഡി സംവിധാനം ചെയ്ത് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ബെത്‌ലഹേം കുടും യൂണിറ്റ് 90 കോടിയും പിന്നിട്ട് നൂറുകോടിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് നിവിന്‍ പോളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോമില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് നിവിന്‍ പോളിയുടെതായി വരാനിരിക്കുന്നതെല്ലാം എന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

‘മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാഷിദാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം വാഴ 2, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം എഴുത്തുകാരനാണ്. നാഷിദ് തന്നെ രചന നിര്‍വഹിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രവും ഞാന്‍ ചെയ്യുന്നുണ്ട്. അത് ലൗ ആക്ഷന്‍ ഡ്രാമ പോലെ ഫുള്‍ ഔട്ട് ആന്‍ഡ് ഔട്ട് കോമഡി എന്റര്‍ടെയിനറാണ്. ഞാനും അജുവും ചിത്രത്തിലുണ്ട്. രുക്മിണിയാണ് ചിത്രത്തിലെ നായിക.

വിജയം. Photo: X.com

അതിന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. ഓണം ആയത് കൊണ്ട് ബ്രേക്കായി. സെപ്റ്റംബറില്‍ വീണ്ടും തുടങ്ങണമെന്നെല്ലാം പറഞ്ഞു. പക്ഷേ ഒരു ഹിറ്റെല്ലാം അടിച്ചത് കൊണ്ട് കുറച്ച് കൂടെ കഴിഞ്ഞിട്ട് തുടങ്ങാം എന്നാണ് ഞാന്‍ പറഞ്ഞത്,’നിവിന്‍ തമാശയോടെ പറഞ്ഞു.

Content Highlight: Nivin Pauly talks about his upcoming projects

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more