| Wednesday, 24th December 2025, 8:03 am

ഇതെന്താ വില്ലന്‍ സീസണോ; ലോകേഷ് നിര്‍മിക്കുന്ന ബെന്‍സിലെ വില്ലന്‍ വേഷത്തെക്കുറിച്ച് നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

നായകവേഷങ്ങളില്‍ മാത്രം കണ്ടുപരിചയിച്ചിട്ടുള്ള മലയാളി താരങ്ങള്‍ ട്രാക്ക് മാറ്റിപിടിക്കാന്‍ തീരുമാനിച്ച വര്‍ഷമായിരുന്നു 2025. ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി വില്ലനായ കളങ്കാവലും ഷൂട്ടിങ്ങ് ആരംഭിച്ച രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വാരണാസിയില്‍ വില്ലനായെത്തുന്ന നടന്‍ പൃഥ്വിരാജും ഈ ട്രെന്‍ഡിനൊപ്പമാണ്.

ഇപ്പോഴിതാ ലോകേഷ് കനകരാജ് നിര്‍മിക്കുന്ന തമിഴ് ചിത്രം ബെന്‍സില്‍ വില്ലന്‍ കഥാപാത്രമായാണ് താനെത്തുകയെന്നും ജസ്റ്റിഫിക്കേഷന്‍ ഇല്ലാത്ത കഥാപാത്രമായിരിക്കും അതെന്നും പറയുകയാണ് യുവതാരം നിവിന്‍ പോളി. താരത്തിന്റെ പുതിയ ചിത്രമായ സര്‍വ്വം മായയുടെ വിശേഷങ്ങളുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നിവിന്‍ പോളി സെറ്റില്‍. Photo: Adnan/x.com

‘വില്ലന്‍ വേഷം ചെയ്യണം എന്നുള്ളത് എത്രയോ കാലമായുള്ള ആഗ്രഹമാണ്. ജസ്റ്റിഫിക്കേഷന്‍ ഉള്ള വില്ലനായിട്ടല്ല. നന്മയുടെ ഒരു അംശം പോലും വരരുത് എന്ന രീതിയിലുള്ള ഒരു കഥാപാത്രം. കുറെ കാലം വില്ലന്‍ കഥാപാത്രം ചെയ്തവര്‍ക്ക് ഒരു നായകവേഷം ചെയ്യാന്‍ തോന്നില്ലേ, അത് പോലെ തോന്നിയതാണ്. അങ്ങനെയൊരു ചിന്തയിലാണ് ഈ കഥ വരുന്നത്.

ആദ്യം അവര്‍ പറഞ്ഞത് വേറൊരു കഥാപാത്രമായിരുന്നു. പിന്നീട് ലോകേഷായൊക്കെ അവര്‍ സംസാരിച്ചപ്പോള്‍ മെയിന്‍ വില്ലന്‍ എന്ന രീതിയില്‍ എന്നെ വീണ്ടും സമീപിച്ചു. അത് വളരെ രസകരമായ ക്യാരക്ടറായിരുന്നു, പ്രോപ്പര്‍ വില്ലനായിട്ടാണ്. വളരെ എന്‍ജോയ് ചെയ്തിട്ടാണ് ആ ക്യാരക്ടര്‍ ചെയ്തത്,’ നിവിന്‍ പറഞ്ഞു.

പ്രോപ്പര്‍ വില്ലനായിട്ടാണെങ്കിലും ചെറിയൊരു ഡാര്‍ക്ക് ഹ്യൂമര്‍ ലൈനും ചിത്രത്തിലുണ്ടെന്ന് താരം പറഞ്ഞു. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സും സംയുക്തയും പ്രധാന വേഷത്തിലെത്തുന്നു.

നിവിന്‍ പോളി നായകനായ വെബ് സിരീസ് ഫാര്‍മ കഴിഞ്ഞ ദിവസം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറിലൂടെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് പി.ആര്‍ അരുണ്‍ സംവിധാനം ചെയ്ത സിരീസിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഫാര്‍മ.Photo: jio hotstar

അതേസമയം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രം സര്‍വ്വം മായ ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 ന് തിയേറ്ററിലെത്തും. അജയ്യ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: nivin pauly talks about his upcoming project benz

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more