| Tuesday, 25th August 2026, 8:58 pm

ആ സീന്‍ ചെയ്യില്ലെന്ന് പറഞ്ഞ് ഞാന്‍ മാറിനിന്നു, പിന്നീട് എല്ലാ ഭാഗത്ത് നിന്നും സമ്മര്‍ദമായിരുന്നു: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നേരം, 1983, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നിവിന്‍ മലയാളത്തില്‍ അരക്കിട്ടുറപ്പിക്കുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയാണ്. കേരളത്തിന് പുറത്തും താരത്തിന് ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ ചിത്രം സുപ്രധാന പങ്കുവഹിച്ചിരുന്നു.

നിവിന്‍ പോളി. Photo: X.com

മലയാളത്തില്‍ റിപ്പീറ്റ് വാല്യൂവുള്ള റോം-കോം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചെടുത്ത നിവിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ വന്‍ കളക്ഷനുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ ചെയ്യാന്‍ വിസമ്മതിച്ച ചില സീനുകളെയും കുറിച്ച് നിവിന്‍ പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് സിനിമാ രംഗത്തെ പല പ്രമുഖരില്‍ നിന്നും തനിക്ക് സമ്മര്‍ദം നേരിടേണ്ടി വന്നതായും നിവിന്‍ പറയുന്നു.

‘ഞാന്‍ അഭിനയിച്ച സിനിമകളില്‍ ചില രംഗങ്ങള്‍ വരുമ്പോള്‍ തന്നെ ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറയാറുണ്ട്. അനാവശ്യമായ രംഗങ്ങളാണെങ്കിലും ഡയലോഗാണെങ്കിലും നോ പറയും. അത് കുറച്ച് ക്ലീന്‍ ആയി ചെയ്യാമെന്നാണ് ഞാന്‍ പറയാറുള്ളത്. ഒരിക്കല്‍ ഞാന്‍ ചെയ്ത സിനിമയില്‍ ഇതുപോലെ ഒരു പാട്ടിന്റെ സീനുണ്ടായിരുന്നു. അതില്‍ പല രീതിയില്‍ അഭിനയിക്കാന്‍ എന്നെ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്യില്ലെന്നും നിങ്ങളെന്നെ സിനിമയില്‍ നിന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഷൂട്ട് ചെയ്യാതെ ഒരുപാട് നേരം ഇരിക്കേണ്ടി വന്നിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിലായിരുന്നു അത്. അതിനാല്‍ തന്നെ എല്ലാം ഭാഗത്ത് നിന്നും വലിയ സമ്മര്‍ദമായിരുന്നു. നമ്മള്‍ ന്യൂകമ്മര്‍ ആണല്ലോ. സിനിമയില്‍ പല ഭാഗത്തുള്ളവര്‍ വന്ന് നമ്മളോട് കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്ക് പേടിയാകും. കൂടെയുള്ള ആക്ടേഴ്‌സ് എല്ലാം നമുക്ക് മുന്നറിയിപ്പ് തരും. പിന്നീട് നമ്മുടെ കടുംപിടിത്തമായിട്ടായിരിക്കും അതിനെ കാണുക.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഞാന്‍ പണമൊന്നുമല്ലല്ലോ ചോദിക്കുന്നത്. ഒരു വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്നല്ലേ പറയുന്നുള്ളൂ. അത് ചെയ്യില്ല എന്ന് പറയുന്നത് എന്റെ തീരുമാനമാണ്. അങ്ങനെ അതിന്റെ ലൈറ്റായ വേര്‍ഷനില്‍ ആ പാട്ട് അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഞാന്‍ അത്തരം തീരുമാനങ്ങള്‍ എടുത്തതായിരിക്കാം എന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യൂ ലഭിക്കാനുള്ള പ്രധാന കാരണം,’ നിവിന്‍ പറയുന്നു.

Content Highlight: Nivin Pauly talks about his decision of not to act in Vulgar scene in his early career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more