| Wednesday, 23rd September 2026, 5:42 pm

ഓംശാന്തിയിലും, പ്രേമത്തിലും ഇപ്പോള്‍ ബെത്‌ലഹേമിലും ഏജ് ഗ്യാപ്പ് റൊമാന്‍സാണ്, ഇനിയാരും അത് ചെയ്യേണ്ട ആവശ്യമില്ല: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

സകല ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്തെറിഞ്ഞുകൊണ്ട് കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്തത്ര സ്വീകാര്യതയാണ് റോം-കോം എന്റര്‍ടെയിനറായ ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിക്കുന്നത്. മമിത ബൈജുവും നിവിന്‍ പോളിയും തമ്മിലുള്ള കോമ്പിനേഷനെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോളതലത്തില്‍ 320 കോടിയും നേടിയാണ് ചിത്രത്തിന്റെ കുതിപ്പ്.

പതിമൂന്ന് വയസ് പ്രായവ്യത്യാസമുള്ള ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള പ്രണയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ഗിരീഷ് എ.ഡി എന്ന സംവിധായകനില്‍ നിന്നും മലയാളികള്‍ക്ക് ലഭിച്ച മറ്റൊരു റിപ്പീറ്റ് വാല്യൂവുള്ള എന്റര്‍ടെയിനറാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, തുടങ്ങി പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം ഗംഭീരമാക്കുകയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇപ്പോഴിതാ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ കരിയറില്‍ ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചെയ്ത ചിത്രങ്ങളെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ ചിത്രങ്ങളെല്ലാം ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സര്‍വ്വം മായയില്‍ ആ ഫാക്ടര്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും നിവിന്‍ അഭിമുഖത്തില്‍ പറയുന്നു.

‘ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്യേണ്ട ആവശ്യമില്ല. അതിലെ എല്ലാ കാറ്റഗറിയും ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല ഏജ് ഗ്യാപ്പിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്തിരിക്കുന്നത്. മുമ്പ് ഓം ശാന്തി ഓശാനയും പ്രേമവും ചെയ്തിട്ടുണ്ട്. പ്രേമത്തില്‍ ടീച്ചറെ പ്രണയിക്കുകയാണല്ലോ. ഈ ഴോണര്‍ നോക്കി ചെയ്യുന്നതല്ല. അങ്ങനെയുള്ള കഥകള്‍ എനിക്ക് ചെയ്യാനായി വരുന്നതാണ്.

Photo: X.com

സര്‍വ്വം മായ ഒരു റോം-കോം ആയി പ്ലാന്‍ ചെയ്തതല്ല. ഒരു ഏതിസ്റ്റും ഗോസ്റ്റും തമ്മിലുള്ള കണ്ടുമുട്ടലും അവരുടെ റിലേഷന്‍ എങ്ങനെയാണ് പോകുന്നത് എന്നതിനെയും പശ്ചാത്തലമാക്കിയാണ് ചെയ്തത്,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about his age gap romance based Movies

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more