| Tuesday, 25th August 2026, 3:45 pm

ദുല്‍ഖറിനോട് പറയാനുള്ളതെല്ലാം അന്ന് പറഞ്ഞ് തീര്‍ത്തു, ഒരുമിച്ച് ഒരു സിനിമയ്ക്കായുള്ള ആലോചനയിലാണ്: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവ നായകന്മാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് പേരാണ് നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തിയ ഇരുവരും ഇന്ന് മലയാളത്തിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള അഭിനേതാക്കളാണ്. ഈ വര്‍ഷത്തെ ഓണം ക്ലാഷ് റിലീസായി നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റും ദുല്‍ഖറിന്റെ ഐ ആം ഗെയിം തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 21ന് റിലീസിനെത്തിയ ബെത്‌ലഹേമിന് മികച്ച പ്രതികരണം ലഭിച്ചതോടെ വമ്പന്‍ കളക്ഷന്‍ നേടി 2026ലെ ഓണം സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍ പോളി.

Photo: District

ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാംഗ്ലൂര്‍ ഡേയസ്, വിക്രമാദിത്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖറിനെ മുംബൈയില്‍ വെച്ച് കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നിവിന്‍ പോളി സംസാരിച്ചത്.

‘ഐ.എന്‍.സി അവാര്‍ഡ്‌സ് എന്ന ബോംബെയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് ഞാന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ദുല്‍ഖറിനെ കാണുന്നത്. അന്ന് അവിടെ ഒരു നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് ഒരുപാട് നേരം സംസാരിച്ചു. സിനിമയും പേഴ്‌സണല്‍ കാര്യങ്ങളും തുടങ്ങി ഒരുപാട് പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം അന്ന് അവിടെ വെച്ച് പറഞ്ഞു. പത്ത് കൊല്ലം മുമ്പ് എങ്ങനെയാണോ അതേ വൈബില്‍ തന്നെയാണ് ദുല്‍ഖറുമായി ഇപ്പോഴും ഫീല്‍ ചെയ്യുന്നത്. അവനും അങ്ങനെ തന്നെയാണ് ഫീല്‍ ചെയ്യുന്നത്.

Photo: IB Times India

അങ്ങനെ നമ്മള്‍ ആലോചിച്ച് നോക്കുമ്പോള്‍ അനാവശ്യമായി ഒരു പത്ത് വര്‍ഷം സിനിമാ ചര്‍ച്ചകളില്ലാതെ മുന്നോട്ട് പോയി. ഇനി അങ്ങനെ സംഭവിക്കേണ്ട നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന തീരുമാനത്തിലെത്തി. അതിനുവേണ്ടി ദുല്‍ഖര്‍ ആലോചിക്കുന്നുണ്ട്. നമ്മുടെ സൈഡില്‍ നിന്നും ആലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. നല്ലൊരു കഥ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യാം എന്ന ഒരു പ്ലാനിലാണ് ഇപ്പോഴുള്ളത്,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about Dulquer Salmaan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more