നസ്‌ലെനും അനശ്വരയും അടക്കം ഒട്ടനവധി മികച്ച അഭിനേതാക്കളെ സമ്മാനിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. 2019-ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സൂപ്പർ ശരണ്യ, ബ്ലോക്ക്ബസ്റ്റർ റോമാന്റിക് ചിത്രമായ പ്രേമലു എന്നിവയിലൂടെ ഫീൽ ഗുഡ് മലയാള സിനിമകളുടെ ഹാൾമാർക്കായി ഗിരീഷ് എ.ഡി. മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി.
ഗിരീഷ് എ.ഡി. Photo. ETV Bharat
ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്നതും, തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ താരനിര അണിനിരക്കുന്നതുമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഈ വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഭാവനാ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗിരീഷ് എ.ഡി.യെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് വന്നപ്പോൾ, കോമഡി-എന്റർടൈൻമെന്റ് സിനിമകൾ ചെയ്യുന്ന സംവിധായകനായതുകൊണ്ട് ഗിരീഷ് എപ്പോഴും ഭയങ്കര അടിപൊളിയായി നിൽക്കുന്ന ആളായിരിക്കും എന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും, എന്നാൽ സെറ്റിൽ വന്നപ്പോൾ അദ്ദേഹം അങ്ങനെയല്ലായിരുന്നുവെന്നും പറയുകയാണ് നിവിൻ പോളി.
നിവിൻ പോളി. Photo. Screen grab/ Youtube
‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിലേക്ക് വരുമ്പോൾ ഒരു പരിചയക്കുറവുണ്ടാവുമോ എന്നൊരു തോന്നലുണ്ടായിരുന്നു. കാരണം മമിത അടക്കമുള്ള ബാക്കി ടീം അംഗങ്ങളെല്ലാം മുൻപ് ഗിരീഷിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളവരാണല്ലോ. ഗിരീഷിന്റെ സിനിമകളെല്ലാം എന്റർടൈൻമെന്റും ഹ്യൂമറും നിറഞ്ഞതായതുകൊണ്ട് സെറ്റും ഭയങ്കര അടിപൊളിയും എന്റർടൈനിങ്ങും ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ വരുന്നത്.
എന്നാൽ വന്നു കഴിഞ്ഞപ്പോൾ ഗിരീഷ് നമ്മളോട് വലിയതോതിൽ മിണ്ടുന്നില്ല. അപ്പോൾ എനിക്ക് തോന്നി, ഇനി പുള്ളിക്ക് നമ്മളോട് താത്പര്യമില്ലേ, അല്ലെങ്കിൽ ആരെങ്കിൽ നിർബന്ധിച്ചിട്ടാണോ അഭിനയിപ്പിക്കുന്നത് എന്നൊക്കെ എന്റെ ഉള്ളിൽ സംശയം തോന്നി. ഒരു സീൻ ഒക്കെ കഴിഞ്ഞാൽ മൈക്കിലൂടെ ആ ഓക്കെ എന്ന് മാത്രമേ പുള്ളി പറയുമായിരുന്നുള്ളൂ.
പിന്നീട് നടൻ അൽത്താഫാണ് ഗിരീഷ് എ.ഡി.യുടെ ശൈലിയെക്കുറിച്ച് തനിക്ക് പറഞ്ഞുതന്നതെന്നും നിവിൻ പോളി വ്യക്തമാക്കുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അഭിനേതാക്കളുടെ പ്രകടനത്തിൽ തന്റെ മനസിലുള്ള കൃത്യമായ മീറ്റർ വരുന്നത് വരെ സമയമെടുത്താണ് ഗിരീഷ് അഭിനയിപ്പിക്കാറുള്ളതെന്നും നിവിൻ കൂട്ടിച്ചേർത്തു.
‘ഒരു ദിവസം നടൻ അൽത്താഫ് സെറ്റിൽ ഗിരീഷിനെ കാണാൻ വന്നപ്പോൾ ഞാൻ അവനോട് ചോദിച്ചു, എടാ മച്ചാൻ ഹാപ്പി അല്ലേ, എനിക്കെന്തോ ഒരു ടെൻഷൻ പോലെ തോന്നുന്നു എന്ന്. അപ്പോൾ അവൻ പറഞ്ഞത്, ഗിരീഷിന് ഇനി നാഷണൽ അവാർഡ് കിട്ടിയാലും ആ കിട്ടിയോ എന്ന് മാത്രമേ ചോദിക്കൂ, അവന്റെ ഒരു ശൈലി അതാണ് എന്നാണ്. ഗിരീഷ് എല്ലാവരുടെയും പെർഫോമൻസിന്റെ മീറ്റർ ശ്രദ്ധിക്കാറുണ്ട്, പുള്ളിയുടെ മനസിലുള്ള കറക്റ്റ് മീറ്റർ കിട്ടുന്നത് വരെ സമയമെടുത്താണ് അഭിനയിപ്പിക്കുക,’ നിവിൻ പോളി പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo.IMDb