| Saturday, 22nd August 2026, 10:21 pm

‘മനസ്സിൽ ഒരു മീറ്ററുണ്ട്, കറക്ട് കിട്ടുംവരെ ചെയ്യിപ്പിക്കും’; ഗിരീഷ് എ.ഡിയെക്കുറിച്ച് നിവിൻ പോളി

അജ്മല്‍ കെ

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ‘പ്രേമലു’ എന്ന വമ്പൻ വിജയത്തിന് ശേഷം ഗിരീഷ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. നിവിൻ പോളി, മമിത ബൈജു, സംഗീത പ്രതാപ്, ധ്യാൻ ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ശ്രിന്ദ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭാവന സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗിരീഷ് എ.ഡിയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. ഗിരീഷ് ഓരോ അഭിനേതാവിന്റെയും പ്രകടനത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംവിധായകനാണെന്നാണ് നിവിൻ പറയുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb

‘ഗിരീഷിന്റെ മനസ്സിൽ ഒരു മീറ്ററുണ്ട്. അത് കറക്ടായി കിട്ടുന്നതുവരെ പുള്ളി നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കും,’ നിവിൻ പറഞ്ഞു.

സ്ക്രിപ്റ്റിനോടുള്ള ഗിരീഷിന്റെ സമീപനത്തെക്കുറിച്ചും നിവിൻ സംസാരിച്ചു. സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ശേഷം അതിൽ ഇമ്പ്രോവൈസേഷൻ ഉണ്ടാകുമോ എന്ന് ഗിരീഷിനോട് ചോദിച്ചപ്പോഴുള്ള മറുപടിയും നിവിൻ പങ്കുവെച്ചു. ‘എനിക്ക് സ്ക്രിപ്റ്റിൽ വേണം. സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയാലേ എനിക്ക് സമാധാനമുള്ളൂ’ എന്നായിരുന്നു ഗിരീഷിന്റെ മറുപടി. ഇത്തരത്തിൽ കൃത്യമായ ധാരണയുള്ള ഒരു സംവിധായകൻ കൂടിയാകുമ്പോൾ അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടാകുമെന്നും നിവിൻ വ്യക്തമാക്കി.

എന്നാൽ ഗിരീഷ് എ.ഡിയുടെ സെറ്റിലേക്ക് ആദ്യമായി എത്തിയപ്പോൾ താൻ പ്രതീക്ഷിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും നിവിൻ പറയുന്നു. ഗിരീഷിന്റെ മുൻ സിനിമകളെല്ലാം എന്റർടെയ്ൻമെന്റിനും ഹ്യൂമറിനും പ്രാധാന്യം നൽകുന്നവയായതിനാൽ അതേ രീതിയിലുള്ള ഒരു സെറ്റായിരിക്കും പ്രതീക്ഷിച്ചതെന്നും നിവിൻ പറഞ്ഞു.

‘ഗിരീഷിന്റെ സിനിമകൾ എല്ലാം എന്റർടെയ്ൻമെന്റ് സിനിമകളാണ്, ഹ്യൂമർ സിനിമകളാണ്. അതുകൊണ്ട് ഗിരീഷിന്റെ സെറ്റും ഭയങ്കര എന്റർടെയ്ൻമെന്റും ഹ്യൂമറുമൊക്കെയായി അടിപൊളിയായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്,’ നിവിൻ പറഞ്ഞു.

പക്ഷേ സെറ്റിലെത്തിയപ്പോൾ ഗിരീഷ് അധികം സംസാരിക്കുന്നില്ലെന്ന് കണ്ടതോടെ നിവിന് സംശയമായി. തങ്ങളോട് ഗിരീഷിന് താൽപര്യമില്ലേയെന്നും താൽപര്യമില്ലാതെ നിർബന്ധിതനായി സിനിമ ചെയ്യുകയാണോ എന്നുമൊക്കെ ഒരു ഘട്ടത്തിൽ തനിക്ക് തോന്നിയെന്നും നിവിൻ തുറന്നുപറഞ്ഞു.

ഷോട്ട് കഴിഞ്ഞാലും ഗിരീഷിന്റെ പ്രതികരണം വളരെ ചുരുക്കമായിരുന്നുവെന്നും നിവിൻ ഓർത്തെടുത്തു. ‘ആഹാ… ഒക്കെ’ എന്ന തരത്തിൽ മൈക്കിലൂടെ മാത്രം പ്രതികരിക്കുന്ന ഗിരീഷിനെയാണ് താൻ കണ്ടതെന്നും നിവിൻ പറഞ്ഞു.

‘പ്രേമലു’യുടെ വൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന് വലിയ പ്രതീക്ഷയായായിരുന്നു. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ സംഗീത പ്രതാപ്, ധ്യാൻ ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, സൃന്ദ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo: IMDb

ഗിരീഷ് എ.ഡിയുടെ മുൻ ചിത്രങ്ങളിൽ കണ്ട ഫീൽ ഗുഡ് ട്രീറ്റ്മെന്റിനൊപ്പം നിവിൻ പോളിയുടെ തിരിച്ചുവരവും മമിത ബൈജുവിന്റെ ‘പ്രേമലു’ക്ക് ശേഷമുള്ള ഗിരീഷ് എ.ഡി കൂട്ടുകെട്ടും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഓണം റിലീസായികൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Content Highlight: Nivin Pauly talks about director Gireesh A.D

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more