| Sunday, 6th September 2026, 3:30 pm

പുള്ളി അടുത്തുള്ളപ്പോൾ ഒരു ഗുഡ് എനർജിയാണ്, ഇനിയും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നത് ഭയങ്കര ഒരു ആഗ്രഹമാണ്: നിവിൻ പോളി

നന്ദന. ടി

തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. സിനിമയുടെ റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു കൺവിൻസിംഗ് സ്റ്റാർ ആയി അറിയപ്പെടുന്ന നടൻ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രത്തിന്റേത്.

വർഷങ്ങളായി വില്ലൻ വേഷങ്ങളിലൂടെ മാത്രം സുപരിചിതനായ സുരേഷ് കൃഷ്ണ ബെത്‌ലഹേമിൽ അനായാസമായാണ് ഒരു മുഴുനീള കോമഡി വേഷത്തെ കൈകാര്യം ചെയ്തു കൊണ്ട് നിവിൻ പോളിയുടെ കൂടെ കട്ടയ്ക്ക് നിന്ന് അഭിനയിച്ചത്.

ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നടൻ സുരേഷ് കൃഷ്ണയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിവിൻ പോളി.

നിവിൻ പോളി. Photo. Screen grab/ Youtube

ഏറെ നാളുകൾക്കിടയിൽ താൻ കണ്ടെത്തിയ ഒരു നിധിയാണ് നടൻ സുരേഷ് കൃഷ്ണ എന്ന് പറയുകയാണ് നിവിൻ പോളി. വർഷങ്ങളായി വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നടനായതുകൊണ്ട് തന്നെ വളരെ സീരിയസ് ആയി കണ്ടിരുന്ന അദ്ദേഹം ബെത്‌ലഹേമിന്റെ സെറ്റിൽ കൗണ്ടറുകളുടെ ഉസ്താദായിരുന്നു എന്നാണ് നിവിൻ പോളി പറയുന്നത്.

‘സുരേഷ് ഏട്ടൻ ഒരു അടിപൊളി ആളാണ്. ഞാൻ കഴിഞ്ഞ കുറെ നാളുകൾക്കിടയിൽ കണ്ടുപിടിച്ച ഒരു ജെം എന്ന് പറയാൻ പറ്റുന്ന മച്ചാനാണ്. ഞാൻ ഇതുവരെ പുള്ളിയുടെ കൂടെ സിനിമ ചെയ്തിട്ടില്ല. പുള്ളിയെക്കുറിച്ച് ആലോചിക്കുമ്പോൾ വില്ലൻ കഥാപാത്രങ്ങൾ പോലുള്ള നെഗറ്റീവ് ഷേഡുകളാണ് മനസിലേക്ക് വരിക.

പുള്ളിക്കാരനൊക്കെ വർഷങ്ങളായി സിനിമയിലുള്ള ആളാണ്. പക്ഷേ ബെത്‌ലഹേമിൽ കോമഡിയുടെ ഉസ്താദാണ്. ആ സിനിമയിൽ പുള്ളിയുടെ കൗണ്ടർ കേട്ടിട്ട് സെറ്റിലുള്ള എല്ലാവരും തന്നെ ചിരിച്ചു മറിഞ്ഞിട്ടുണ്ടായിരുന്നു. അവസാനം ഗിരീഷൊക്കെ ചേട്ടാ ഇനി കൗണ്ടറടിക്കല്ലേ, ചിരിക്കാൻ വയ്യ എന്ന അവസ്ഥയിലായിരുന്നു. സുരേഷേട്ടനെ കണ്ടുകഴിഞ്ഞാൽ ഭയങ്കര സീരിയസ് ഫെയ്സാണ്, പക്ഷേ കൗണ്ടറുകളൊക്കെ പെട്ടെന്നാണ് വരിക,’ നിവിൻ പറഞ്ഞു.

കൂടെ അഭിനയിക്കുന്നവരുമായിട്ടുള്ള ഒരു എനർജി കണക്ട് ചെയ്യാൻ സാധിച്ചാൽ, സിനിമയിൽ ആ വ്യക്തിയുമായുള്ള കോംബിനേഷൻ മികച്ചതാവുമെന്ന് നിവിൻ പറയുന്നു. ആ ഒരു ബന്ധം നടൻ സുരേഷ് കൃഷ്ണയുമായി ഉണ്ടായതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഇനിയും ഒരുമിച്ച് സിനിമകൾ ചെയ്യാനുള്ള തന്റെ ആഗ്രഹവും നിവിൻ പോളി തുറന്നുപറഞ്ഞു.

സുരേഷ് കൃഷ്ണ. ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Mathrubhumi

‘ഭയങ്കര ഓർഗാനിക് ആയിട്ടുള്ള നല്ലൊരു മനുഷ്യനാണ് ചേട്ടൻ. അതുകൊണ്ടുതന്നെ പെട്ടെന്ന് കണക്റ്റ് ആവാൻ പറ്റി. നല്ലൊരു മനുഷ്യനാണെന്നറിഞ്ഞപ്പോൾ എനിക്ക് ഇനിയും പുള്ളിയുടെ കൂടെ വർക്ക് ചെയ്യണമെന്നത് ഭയങ്കര ആഗ്രഹമാണ്. പുള്ളി അടുത്തുള്ളപ്പോൾ തന്നെ ഒരു ഗുഡ് എനർജിയാണ്.

ബേസിക്കലി നമ്മൾ ഒരാളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഗീവ് ആൻഡ് ടേക്ക് എനർജി കറക്റ്റ് ആയിട്ട് വരുകയാണെങ്കിൽ ആ കോംബിനേഷൻ അടിപൊളിയാവും. അത് സുരേഷേട്ടനുമായിട്ട് എനിക്ക് കിട്ടിയിട്ടുണ്ട്,’ നിവിൻ പോളി കൂട്ടിചേർത്തു.

Content Highlight: Nivin Pauly talks about actor Suresh Krishna

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more