| Thursday, 26th March 2026, 2:10 pm

ലാലേട്ടനുമായി എന്നെ താരതമ്യം ചെയ്യരുത്'; അദ്ദേഹത്തെ പോലെ മറ്റൊരാളില്ല: നിവിൻ പോളി

നന്ദന എം.സി

സർവ്വം മായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയ നടനാണ് നിവിൻ പോളി. ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിവിൻ–അജു കൂട്ടുകെട്ടും യക്ഷിയായി എത്തിയ റിയ ഷിബുവിന്റെ പ്രകടനവും പ്രേക്ഷക ഹൃദയം കീഴടക്കി.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ ചർച്ചയായ വിഷയം നിവിന്റെ അഭിനയവും മാനറിസവും മോഹൻലാലിനെ ഓർമിപ്പിച്ചു എന്നതായിരുന്നു. സിനിമ കണ്ട പല പ്രേക്ഷകരും നിവിൻ പോളിയിലൂടെ പഴയ മോഹൻലാലിനെ കണ്ടതുപോലെ അനുഭവപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു.

എന്നാൽ ഈ താരതമ്യത്തെ കുറിച്ച് പ്രതികരിച്ച നിവിൻ പോളി, താൻ അത്തരമൊരു താരതമ്യത്തിന് അർഹനല്ലെന്നും, മോഹൻലാൽ എന്ന നടൻ മോഹൻലാൽ തന്നെയാണെന്നും, അദ്ദേഹത്തെ പോലെ മറ്റാരും ഇല്ലെന്നും വ്യക്തമാക്കി.

മോഹൻലാൽ, നിവിൻ പോളി, Photo: Facebook/ Screengrab

‘ലാലേട്ടനുമായി അങ്ങനെ ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ലാത്ത ഒന്നാണ്. ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടൻ ആണ്. അതെ പോലെ വേറെ ഒരാളില്ല. ഞാൻ ബേസിക്കലി ആക്ടിങ് വളരെ കാഷ്വൽ ആയി എടുക്കുന്ന ഒരാളാണ്.

തുടക്കം മുതലേ അങ്ങനെ ശീലിച്ച ഒരാളാണ്. ആക്ടിങ് ഒന്നും പഠിച്ച ആളൊന്നുമല്ല ഞാൻ. ചെയ്ത ഓരോ സിനിമകളിലെയും ഡയറക്ടർമാർ പറഞ്ഞു തന്ന വഴിയിലൂടെ നടന്നു വന്ന ഒരാളാണ്. അതിനാൽ തന്നെ കാഷ്വൽ രീതിയിലാണ് ആക്റ്റിങ് എടുക്കാറുള്ളത്. അല്ലെങ്കിൽ ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുമ്പ് വലിയ തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല. തലേ ദിവസം ഇരുന്ന് ഡയലോഗുകളൊന്നും പഠിക്കാറുമില്ല,’ നിവിൻ പോളി പറഞ്ഞു.

മോഹൻലാൽ, നിവിൻ പോളി, Photo: Facebook/ Screengrab

താൻ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു, എന്താണോ ശരി എന്ന് തനിക്ക് തോന്നുന്നോ അത് ചെയ്യുമെന്നും താരം പറഞ്ഞു. തന്റെ തെറ്റുകൾ തിരുത്താൻ അവിടെ ഒരു ഡയറക്ടർ ഉണ്ട് എന്നൊരു ബോധം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയ്തത് തെറ്റാണെങ്കിൽ ഡയറക്ടർ ‘നിവിൻ ഇത് ഇങ്ങനെയല്ല ചെയ്തത് തെറ്റാണ് മാറ്റി ചെയ്യൂ എന്ന്’ പറയാറുണ്ടെന്നും താരം വ്യക്തമാക്കി. അങ്ങനെ കുറച്ചു ദിവസം ഒരു ഡയറക്ടറുടെ വർക്ക് ചെയ്യുമ്പോൾ താൻ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും ഡയറക്ടർ എങ്ങനെയാണ് കഥാപാത്രത്തെ കാണുന്നതെന്നും തനിക്ക് മനസിലാകുമെന്നും നിവിൻ കൂട്ടിച്ചേർത്തു.

Content Highlight: Nivin Pauly talk about Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more