| Wednesday, 31st December 2025, 12:55 pm

'ഇങ്ങനെയൊരു സ്ലീപ്പെര്‍ സെല്ലുള്ള കാര്യമേ അറിഞ്ഞില്ല'; നിവിന്റെ കണക്കുകൂട്ടല്‍ മറ്റൊന്നായിരുന്നു

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ വിശേഷപ്പെട്ട വര്‍ഷമായിരുന്നു 2025. തുടരും, ലോകഃ, കളങ്കാവല്‍ അടക്കം ഒരുപിടി മികച്ച ചിത്രങ്ങള്‍ക്കായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ഇതേ ഹൈ നോട്ടില്‍ തന്നെ വര്‍ഷം അവസാനിപ്പിക്കാന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായക്ക് കഴിഞ്ഞുവെന്നാണ് തിയേറ്ററുകളില്‍ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്.

ട്രെയിലറുകളോ ടീസറുകളോ ഒന്നും പുറത്തുവിടാതെ തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ നാല് ദിവസം കൊണ്ടാണ് 50 കോടിയെന്ന നേട്ടം അടിച്ചെടുത്തത്. വമ്പന്‍ താരനിരയും ഹൈപ്പും കൊണ്ട് തിയേറ്ററിലെത്തിയ ഭ ഭ ബ യെ സൈഡാക്കിയാണ് കേരളത്തിലും വിദേശരാജ്യങ്ങളിലുമടക്കം ഷോകളുടെ എണ്ണം കൂട്ടി ചിത്രം മുന്നേറുന്നത്.

Photo: screen grab/ firefly films/ youtube.com

ചിത്രത്തിലെ ഒരു ഗാനം പുറത്തു വിട്ടതൊഴിച്ചാല്‍ പറയത്തക്ക പ്രൊമോഷനോ അവകാശ വാദങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം, കണ്ടിറങ്ങിയവരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹൗസ് ഫുള്‍ ഷോകളിലൂടെ മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ തിയേറ്റര്‍ നിറക്കാനു്ള്ള നിവിന്റെ കഴിവാണ് സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്നത്.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ തുടരും സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉപയോഗിച്ച സ്ലീപ്പര്‍ സെല്‍ എന്ന പ്രയോഗം മലയാള സിനിമയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിന്റെ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ കിട്ടിയാല്‍ വീടുകളിലുള്ള വയസ്സായ അമ്മമാരും കുട്ടികളുമടക്കം തിയേറ്ററുകളിലെത്തുമെന്ന് പറയാനായിരുന്നു തരുണ്‍ ഈ വാക്ക് ഉപയോഗിച്ചത്.

ഇത്തരത്തില്‍ യുവതാരങ്ങള്‍ക്കിടയില്‍ ഒരു ക്രൗഡ് പുള്ളറായി മാറാന്‍ യുവതാരമായ നിവിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. നിവിന്‍ പോളിയെ ആളുകള്‍ക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അവനറിയില്ലെന്ന് നിവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് നിവിന്‍ കഴിഞ്ഞ ദിവസം എഡിറ്റോ റിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

2019 ല്‍ ഇറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ വരെ എന്‍ര്‍ടെയിന്‍മെന്റ് ചിത്രങ്ങള്‍ അടുപ്പിച്ച് വന്നത് കൊണ്ടാണ് ആളുകള്‍ സപ്പോര്‍ട്ട് ചെയ്തതെന്നാണ് താന്‍ കരുതിയിരുന്നത് എന്നും എന്നാല്‍ ഇടവേളക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് പ്രേക്ഷകരുടെ തന്നോടുള്ള ഇഷ്ടം മനസ്സിലായതെന്നും നിവിന്‍ പറയുന്നു. എത്ര കോടി മുടക്കി പ്രൊമോഷന്‍ ചെയ്താലും പ്രേക്ഷകനാണ് ആ സിനിമ കാണണോ എന്ന തീരുമാനിക്കുക എന്നും താരം കൂട്ടിച്ചേര്‍ത്തു.

Photo: cinema express

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ ഒന്നിച്ച് സിനിമയിലെത്തിയ അജു വര്‍ഗീസ്-നിവിന്‍ പോളി കൂട്ടുകെട്ട് ചിത്രത്തില്‍ മികച്ച രീതിയില്‍ വര്‍ക്കായതും ഹൊറര്‍ കോമഡി ഴോണറില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപരിസരവും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രീതി മുകുന്ദന്‍, റിയ ഷിബു, മധു വാര്യര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Nivin pauly starrer sarvam Maya in theatres with houseful shows

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more