| Wednesday, 23rd September 2026, 4:16 pm

പ്രേമം സിനിമയുടെ റിലീസിന് പിന്നാലെ എനിക്ക് അജിത് സാറുടെ കോള്‍ വന്നു, നല്ല ബിരിയാണിയൊക്കെ അദ്ദേഹം ഉണ്ടാക്കി നല്‍കി: നിവിന്‍ പോളി

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്കും തന്റെ സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു.

നിവിന്‍ പോളി. Photo: X.com

ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ സര്‍വ്വം മായ വെറുമൊരു സാമ്പിള്‍ വെടിക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ്.

മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയെന്ന നേട്ടം സ്വന്തമാക്കുകയും ആഗോളതലത്തില്‍ 320 കോടിയിലധികം നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടത്തിലെത്തുകയും ചെയ്തിരുന്നു. ബെത്‌ലഹേമിന് ശേഷം നിവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ.

പേരന്‍പ്, തങ്ക മീന്‍കള്‍, തരമണി, കട്രത് തമിഴ് തുടങ്ങിയ തമിഴിലെ ക്ലാസിക് സിനിമകള്‍ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന് പുറമെ സൂരിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തമിഴിലെ സൂപ്പര്‍താരം അജിത്തിനെ കണ്ടുമുട്ടിയതിനെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അജിത്ത് കുമാറും നിവിന്‍ പോളിയും. Photo: X.com

‘പ്രേമം സിനിമയുടെ റിലീസ് കഴിഞ്ഞ് ആക്ഷന്‍ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴാണ് അജിത്ത് സാര്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. അന്ന് എനിക്ക് ഒരു നല്ല ബിരിയാണി എല്ലാം അദ്ദേഹം ഉണ്ടാക്കി നല്‍കിയിരുന്നു. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും എല്ലാം അന്ന് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അദ്ദേഹത്തോടൊപ്പം ഒരു ദിവസം സ്‌പെന്‍ഡ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയ എക്‌സ്പീരിയന്‍സായിരുന്നു. എന്നും അതൊരു നല്ല ഓര്‍മയാണ്,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly shares his memory with Ajith Kumar

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more