| Monday, 8th December 2025, 8:18 am

പ്രേമം കഴിഞ്ഞപ്പോള്‍ കാമുക വേഷങ്ങളുടെ കുത്തൊഴുക്കായി; ആ കഥാപാത്രം വിനീതിന്റെ പുറകെക്കൂടി വെറുപ്പിച്ച് വാങ്ങിയത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമ വിജയമായാല്‍ അതേ സ്വഭാവത്തിലുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും എപ്പോഴും വന്നുകൊണ്ടിരിക്കുമെന്ന് നടന്‍ നിവിന്‍ പോളി. ‘പ്രേമം’ കഴിഞ്ഞപ്പോള്‍ കാമുക വേഷങ്ങളുടെ കുത്തൊഴുക്കായിരുന്നുവെന്നും അവയില്‍നിന്ന് കുതറിമാറി ഉടനേ ചെയ്തത് ആക്ഷന്‍ ഹീറോ ബിജുവാണെന്നും അദ്ദേഹം പറയുന്നു.

നിവിന്‍ പോളി Photo: Nivin pauly/ Facebook.com

എന്നാല്‍ മുന്‍ മാതൃകകളില്ലാത്തൊരു ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജുവെന്നും സ്ഥിരം കണ്ടുപരിചയിച്ച പൊലീസ് കഥകളില്‍നിന്ന് വ്യത്യസ്തമായൊന്ന് എന്നാണ് എബ്രിഡ് ഷൈന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്നും നടന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകളുടെ തെരഞ്ഞടുപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നിവിന്‍.

‘വ്യത്യസ്തമായ വേഷങ്ങള്‍ ഏറ്റെടുക്കുമ്പോഴെല്ലാം സംശയങ്ങള്‍ കൂടെയുണ്ടാകും. 1983 യിലെ അച്ഛന്‍ വേഷം ചാലഞ്ചിങ്ങായിരുന്നു. കഥാപാത്രത്തിന്റെ പലതരത്തിലുള്ള ഗെറ്റപ്പുകള്‍ പരീക്ഷിച്ചുനോക്കി. പ്രേക്ഷകര്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതിനെ കുറിച്ച് അവസാനം വരെ ആശങ്കയുണ്ടായിരുന്നു.

കഥ കേള്‍ക്കുമ്പോള്‍ മനസില്‍ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് രീതി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ കഥാപാത്രം അങ്ങനെ ഇഷ്ടപ്പെട്ട് വിനീതിന്റെ പുറകെക്കൂടി അവനെ വെറുപ്പിച്ച് വാങ്ങിയെടുത്ത ഒന്നാണ്,’ നിവിന്‍ പോളി പറയുന്നു.

നടന്‍ എന്നനിലയില്‍ എല്ലാത്തരം സിനിമയുടെയും ഭാഗമാകാന്‍ ശ്രമിക്കാറുണ്ടെന്നും നമുക്ക് ആഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രങ്ങളും അക്കാദമിക് തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഫെസ്റ്റിവല്‍ ചിത്രങ്ങളും വേണമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് കോമ്പോയായ നിവിന്‍ പോളിയും അജുവര്‍ഗീസും ഒന്നിക്കുന്ന ചിത്രത്തില്‍ ജനാര്‍ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറര്‍ കോമഡി ഴോണറിലാണ് സര്‍വ്വം മായ ഒരുങ്ങുന്നത്.

Content Highlight: Nivin Pauly says that if a film is successful, similar films and characters will always come

We use cookies to give you the best possible experience. Learn more