| Saturday, 26th September 2026, 3:31 pm

സര്‍വ്വം മായ ഹിറ്റായപ്പോഴും ഇപ്പോള്‍ ബെത്‌ലഹേം ഹിറ്റായപ്പോഴും ഞാന്‍ അത്ര ഹാപ്പിയായിട്ടില്ല: നിവിന്‍ പോളി

അമര്‍നാഥ് എം.

വിനീത് ശ്രീനിവാസന്‍ സിനിമാലോകത്തിന് സമ്മാനിച്ച നടന്മാരിലൊരാളാണ് നിവിന്‍ പോളി. മലര്‍വാടിയിലൂടെ കരിയറാരംഭിച്ച നിവിന്‍ ബോയ് നെക്‌സ്റ്റ് ഡോര്‍ റോളുകളിലൂടെ വളരെ വേഗത്തില്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു. ഇടക്ക് പരീക്ഷണ സിനിമകളിലേക്ക് ട്രാക്ക് മാറ്റിയപ്പോള്‍ ബാക്ക് ടു ബാക്ക് ഫ്‌ളോപ്പായിരുന്നു ഫലം.

എന്നാല്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് തന്റെ സേഫ് സോണിലെ സിനിമകളാണെന്ന് തിരിച്ചറിഞ്ഞ നിവിന്‍ സര്‍വ്വം മായയിലൂടെ ബോക്‌സ് ഓഫീസിലെ സ്ഥാനം വീണ്ടെടുത്തു. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളും പിന്നീടിറങ്ങിയ സിനിമകളും കളംവിട്ടപ്പോള്‍ ഇപ്പോഴും സ്‌ട്രോങ്ങായി മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

നിവിന്‍ പോളി Photo: Screen grab/ SS Music

കരിയറില്‍ വലിയ വിജയങ്ങള്‍ നേടുമ്പോഴൊന്നും അമിതമായി സന്തോഷിക്കാറില്ലെന്ന് പറയുകയാണ് നിവിന്‍ പോളി. സിനിമ എന്നത് ജീവിതത്തിന്റെ ഭാഗമാണെന്നും അതല്ലാതെ മറ്റൊരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും നിവിന്‍ പറഞ്ഞു. യേഴ് കടല്‍ യേഴ് മലൈയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമ അല്ലെങ്കില്‍ ഫിലിം എന്ന ലോകത്തെ വിട്ടുപോകാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ ഒരു വിശ്വാസം എപ്പോഴും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കാരണം, അത്രയും ഡൗണായി നില്‍ക്കുമ്പോഴായിരുന്നു എന്നെത്തേടി ആദ്യത്തെ സിനിമ വന്നത്. അതുകൊണ്ട് മോശം സമയത്തിലൂടെ പോകുമ്പോഴും നല്ല നേരം പിന്നീട് വരും എന്ന് എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു.

മോശം സമയത്തെ എങ്ങനെ ഓവര്‍കം ചെയ്യണമെന്ന് എനിക്ക് അറിയില്ല. പക്ഷേ, ആ ഒരു ഫേസുണ്ടല്ലോ, അത് നമ്മളെ കൂടുതല്‍ ശക്തരാക്കും. സാധാരണയായി ഒരു സിനിമ സൂപ്പര്‍ഹിറ്റായാല്‍ ആരായാലും വലിയ രീതിയില്‍ സന്തോഷിക്കും. പക്ഷേ, സര്‍വ്വം മായ ഹിറ്റായപ്പോള്‍ ഞാന്‍ അമിതമായി സന്തോഷിച്ചിട്ടില്ല. ഗ്രാറ്റിറ്റിയൂഡും സന്തോഷവും എല്ലാമുണ്ട്, വിജയത്തിനെക്കുറിച്ച് റിയലൈസേഷനുണ്ട്. പക്ഷേ, അളവ് കടന്ന് സന്തോഷിച്ചില്ല. ബെത്‌ലഹേം ഹിറ്റായപ്പോഴും അതുപോലെ തന്നെയാണ്. സന്തോഷമുണ്ട്. പക്ഷേ, ഓവറായിട്ട് ഹാപ്പിയല്ല,’ നിവിന്‍ പറയുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വന്‍ വിജയത്തിന് പിന്നാലെ നിവിന്റെ അടുത്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്. തമിഴിലെ ക്ലാസിക് സംവിധായകന്‍ റാം അണിയിച്ചൊരുക്കുന്ന യേഴ് കടല്‍ യേഴ് മലൈ ഒക്ടോബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. നിവിന്‍ പോളിക്കൊപ്പം സൂരി, അഞ്ജലി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Nivin Pauly saying he don’t feel over happy on the success of Sarvam Maya

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more