| Friday, 30th January 2026, 10:11 pm

ഏതൊരു ചെറുപ്പക്കാരനും റിലേറ്റാകുന്ന സീന്‍, നിവിന്റെ കൈയിലെത്തിയപ്പോള്‍ ഗംഭീരമായി, ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി സര്‍വ്വം മായ

അമര്‍നാഥ് എം.

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും മികച്ച പ്രതികരണം സ്വന്തമാക്കുകയാണ് നിവിന്‍ പോളിയുടെ സര്‍വ്വം മായ. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം നിവിന്റെ തിരിച്ചുവരവിന് വഴിവെച്ച ചിത്രമായി സര്‍വ്വം മായ മാറി. തന്റെ സേഫ് സോണില്‍ നിവിന്‍ വീണ്ടും ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല രംഗങ്ങളും ചര്‍ച്ചയായിരിക്കുകയാണ്.

ആദ്യപകുതിയില്‍ അച്ഛനോട് പ്രഭേന്ദു പൈസ ചോദിക്കുന്ന രംഗത്തിലെ ചെറിയൊരു ഭാഗം പലരും ചര്‍ച്ചയാക്കിയിരിക്കുകയാണ്. രുഘനാഥ് പലേരി അവതരിപ്പിച്ച നീലകണ്ഠന്‍ നമ്പൂതിരിയെ കാണാന്‍ വന്നവരോട് നിവിന്‍ സംസാരിക്കുന്ന രംഗം പല ചെറുപ്പക്കാര്‍ക്കും റിലേറ്റ് ചെയ്യാനാകുന്നതാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സര്‍വ്വം മായ Photo: ജിയോ ഹോട്‌സ്റ്റാര്‍

ഒട്ടും പരിചയമില്ലാത്തവര്‍ വീട്ടിലെത്തിയാല്‍ അവരോട് പരിചയമുള്ളതുപോല അഭിനയിക്കേണ്ട അവസ്ഥ പലരും നേരിട്ടിട്ടുണ്ട്. അറിയാമോ എന്ന് ചോദിക്കുമ്പോള്‍ അറിയാമെന്ന് പറയുകയും എന്നാല്‍ പിന്നീടുള്ള ചോദ്യങ്ങളില്‍ പരുങ്ങുകയും ചെയ്യുന്ന അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്. ഈയൊരു അവസ്ഥയെ കൃത്യമായി വരച്ചുകാട്ടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഓണ്‍ സ്‌ക്രീനില്‍ നിവിന്‍ അത് ഗംഭീരമായി ചെയ്തിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചെറുപ്പക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സീനുകള്‍ കിട്ടിയാല്‍ നിവിന്‍ തകര്‍ക്കുമെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി ഈ സീന്‍ മാറി. ചമ്മുന്ന എക്‌സ്പ്രഷനെല്ലാം നിവിന്‍ പെര്‍ഫക്ടായി ചെയ്തുവെച്ചിട്ടുണ്ട്.

സര്‍വ്വം മായ Photo: ജിയോ ഹോട്‌സ്റ്റാര്‍

എന്നാല്‍ ഈ രംഗത്തില്‍ അത്ര കണ്‍വീനിയന്റല്ലാത്ത മറ്റൊരു കാര്യത്തെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കാലങ്ങളായി അച്ഛനോട് മിണ്ടാത്ത പ്രഭേന്ദു പുറത്തുപോകാന്‍ പൈസ ചോദിക്കുന്നതില്‍ ലോജിക്കില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തമാശക്ക് വേണ്ടി സൃഷ്ടിച്ച രംഗമാണെങ്കിലും തിയേറ്ററിലും ഒ.ടി.ടിയിലും കാണുമ്പോള്‍ കല്ലുകടിയായി തോന്നിയെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

സ്ഥിരം ടെംപ്ലേറ്റിലുള്ള കഥയില്‍ നിവിന്റെ സ്ഥിരം പരിപാടികള്‍ കൂടി വന്നപ്പോള്‍ ഗംഭീരമായെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. നിവിന് മാത്രം ചെയ്യാന്‍ കഴിയുന്ന ചില എക്‌സ്പ്രഷനുകള്‍ സര്‍വ്വം മായയെ മികച്ചതാക്കിയിട്ടുണ്ട്. ആവാഹനത്തിന് ശേഷം വീട്ടുകാരെ നോക്കുന്ന സീനെല്ലാം അതിന് ഉദാഹരണമാണ്.

സര്‍വ്വം മായ Photo: ജിയോ ഹോട്‌സ്റ്റാര്‍

പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രമാണ് സര്‍വ്വം മായ. നിവിന്‍ പോളിക്കൊപ്പം റിയ ഷിബുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, മധു വാര്യര്‍, അല്‍ത്താഫ് സലിം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്.

Content Highlight: Nivin Pauly’s performance in Sarvam Maya getting appreciation after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more