| Saturday, 22nd August 2026, 7:30 pm

ഇനി ഒരു വര്‍ഷത്തേക്ക് എന്‍ര്‍ടെയിന്‍മെന്റ് സ്‌ക്രിപ്റ്റുകള്‍ മതി; നിവിന്റെ തീരുമാനത്തിന് കൈയടിച്ച് സിനിമാ ലോകം

അശ്വിന്‍ രാജേന്ദ്രന്‍

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നേരം, 1983, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നിവിന്‍ മലയാളത്തില്‍ അരക്കിട്ടുറപ്പിക്കുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെയാണ്. കേരളത്തിന് പുറത്തും താരത്തിന് ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ ചിത്രം സുപ്രധാന പങ്കുവഹിച്ചിരുന്നു.

നിവിന്‍ പോളി. Photo: X.com

പിന്നാലെ കേരളത്തില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരത്തിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം പരാജയങ്ങളുടെ തുടര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. തന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോം ഴോണറില്‍ നിന്നും ട്രാക്ക് മാറ്റിപിടിച്ച ചിത്രങ്ങളായിരുന്നു പരാജയപ്പെട്ടതില്‍ ഭൂരിഭാഗവും. മൂത്തോന്‍, മഹാവീര്യര്‍, പടവെട്ട്, സാറ്റര്‍ഡേ നൈറ്റ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു നേരിട്ടത്. ഇതിന് ഒരു അന്ത്യം കുറിച്ചത് കഴിഞ്ഞ വര്‍ഷം അഖില്‍ സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സര്‍വം മായ എന്ന ചിത്രത്തിലൂടെയായിരുന്നു.

തിയേറ്ററുകളില്‍ നിന്നും 150 കോടിയിലധികം നേടിയ ചിത്രം നിവിന്‍ പോളിയുടെ വമ്പന്‍ തിരിച്ചുവരവായിരുന്നു സാധ്യമാക്കിയത്. നിവിന് ആരാധകരേറെയുള്ള റോം-കോം ഫീല്‍ഗുഡ് ഴോണറായിരുന്നു സര്‍വ്വം മായ എന്നതും എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇനി വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്ക് എന്റര്‍ടെയിനര്‍ സ്‌ക്രിപ്റ്റുകളായിരിക്കും താന്‍ ചെയ്യുക എന്ന് നിവിന്‍ പറഞ്ഞിരുന്നു. അത്തരം സ്‌ക്രിപ്റ്റുകള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുക എന്ന് പറഞ്ഞ താരത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നിവിന്‍ പോളിയില്‍ നിന്നും ഗിരീഷ് എ.ഡിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ഫീല്‍ ഗുഡ് ഫാമിലി കോമഡി എന്റര്‍ടെയിനറാണ് ചിത്രമെന്നും ഓണത്തിലെ വിന്നര്‍ ബെത്‌ലഹേമാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ താരത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനിലെടുത്ത തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. ഇത്തരത്തില്‍ തന്റെ ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണമെന്ന് പലരും അഭിപ്രായമറിയിക്കുന്നു.

Content Highlight: Nivin Pauly’s old video goes viral after Bethlehem Kudumba unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more