മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ അദ്ദേഹം കുറഞ്ഞ ആളുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റ് മെഷീനായി മാറി. നസ്ലെന്‍, മമിത ബൈജു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പ്രേമലു. കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ഈ കുഞ്ഞന്‍ ചിത്രത്തിന് കഴിഞ്ഞു.
പ്രേമലുവിന് ശേഷം പ്രേമലു 2 ആയിട്ടായിരിക്കും ഗിരീഷ് വീണ്ടും പ്രേക്ഷകര്‍ മുന്നിലേക്ക് എത്തുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പ്രേമലു 2 ഉണ്ടാകില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ നിവിന്‍ പോളിയുമായി ഗിരീഷ് എ.ഡി ഒന്നിക്കുന്നു എന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ നിവിന്‍ പോളി- ഗിരീഷ് എ.ഡി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിവിന്‍ പോളി. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് നിവിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബത്ലഹേം കുടുംബയൂണിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേരുന്ന ഭാവന സ്റ്റുഡിയോസാണ്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ് ബത്ലഹേം കുടുംബയൂണിറ്റിന് തിരക്കഥയൊരുക്കുന്നത്. പ്രേമലുവിന് ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമക്കും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജ്മല്‍ സാബുവാണ് ക്യാമറാമാന്‍. ഓണത്തിന് ശേഷം ബത്ലഹേം കുടുംബയൂണിറ്റിന്റെ ഷൂട്ടിങ് ആരംഭിക്കും.
Content Highlight: Nivin Pauly’s New Film With Gireesh AD And Mamitha Baju And Its Produced By Bhavana Studios