| Tuesday, 11th August 2026, 4:51 pm

നിങ്ങള്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത ഉയരവും എത്തിപ്പെടാന്‍ പറ്റാത്ത അകലവുമില്ല; വൈറലായി നിവിന്റെ മോട്ടിവേഷന്‍ സ്പീച്ച്

അശ്വിന്‍ രാജേന്ദ്രന്‍

യുവതാരങ്ങളില്‍ മലയാള സിനിമാ പ്രേമികള്‍ക്ക് ഒരല്പം ഇഷടക്കൂടുതലുള്ള അഭിനേതാവാണ് നിവിന്‍ പോളി. 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും മോളിവുഡിലെ അടുത്ത സൂപ്പര്‍ താരമെന്ന വിശേഷണം സ്വന്തമാക്കുകയും ചെയ്തിരുന്നു.

താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് ഡയറക്ടര്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജു നായികയായെത്തുന്ന ചിത്രം ആഗസ്റ്റ് 21നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചി സെന്റ് തെരേസാസ് വുമണ്‍സ് കോളേജില്‍ സംസാരിക്കവെ പെണ്‍കുട്ടികളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: IMDB

ജീവിതത്തില്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്ന പെണ്‍കുട്ടികളോട് തങ്ങളുടെ ആഗ്രഹങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് പറയുകയാണ് നിവിന്‍. നിങ്ങളുടെ ജീവിതം ആസ്വദിക്കണമെന്നും ജീവിതത്തില്‍ പെണ്‍കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഒരു ഉയരവുമില്ലെന്നും താരം പറഞ്ഞു.

‘അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. ചില കാര്യങ്ങള്‍ ചെയ്യരുത്, ചിലയിടങ്ങളില്‍ പോകാന്‍ പാടില്ല, നേരത്തേ വീട്ടില്‍ കയറണം തുടങ്ങി ഒട്ടനവധി നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അറിഞ്ഞോ അറിയാതെയോ വീട്ടില്‍ നിന്നും കോളേജില്‍ നിന്നും അല്ലെങ്കില്‍ താമസിക്കുന്ന ഹോസറ്റലില്‍ നിന്നും പെണ്‍കുട്ടികള്‍ നിയന്ത്രണം നേരിടുന്നുണ്ട്.

നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാന്‍ പറ്റാത്ത തടസങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്‌നത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാന്‍ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോകുക,’ നിവിന്‍ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Reddit

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നിവിനും മമിതയ്ക്കും പുറമെ റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓണത്തിന് പൃഥ്വിരാജിന്റെ ഖലീഫ ദുല്‍ഖറിന്റെ ഐ ആം ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷ് റിലീസായാണ് ബെത്‌ലഹേം തിയേറ്ററുകളിലെത്തുന്നത്. മത്സരത്തില്‍ ആരായിരിക്കും വിജയിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: Nivin Pauly’s Motivational speech to girls goes viral

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more