| Tuesday, 23rd September 2025, 10:31 pm

പ്രേമത്തിലെ ജോര്‍ജല്ലേ ഇത്, മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ കണ്ടുപിടിച്ച നിവിന്‍ വളരെ വേഗത്തില്‍ സിനിമാപ്രേമികളുടെ ഇഷ്ടനടനായി. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് റോളുകളിലൂടെ യുവനടന്മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ നിവിന്‍ ഇടംപിടിച്ചു.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്‌സ് ഓഫീസില്‍ നിവിന് അത്ര നല്ല സമയമല്ല. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ അതിഥിവേഷം ഒഴിച്ചുനിര്‍ത്തിയാല്‍ നിവിന് വലിയ വിജയങ്ങള്‍ അവകാശപ്പെടാനില്ല. എന്നാല്‍ താരം പഴയതിനെക്കാള്‍ ശക്തമായി തിരിച്ചുവരുമെന്നുള്ള സൂചന നല്‍കിയിരിക്കുകയാണ്.

നിവിന്റെ ഏറ്റവും പുതിയ ചിത്രമായ സര്‍വം മായയുടെ ലൊക്കേഷന്‍ പിക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പ്രേമത്തിലെ ലുക്കിനെ ഓര്‍മിപ്പിക്കുന്ന മേക്ക് ഓവറിലാണ് സര്‍വം മായയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച നിവിന്‍ പോളിയെ ഈ ചിത്രത്തില്‍ കാണാനാകുമെന്നാണ് കരുതുന്നത്.

പാച്ചുവും അത്ഭുതവിളക്കും എന്ന ഫീല്‍ഗുഡ് ചിത്രത്തിന് ശേഷം അഖില്‍ ഒരുക്കുന്ന സര്‍വം മായ ഹൊറര്‍ കോമഡി ഴോണറിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ഈ വര്‍ഷം ക്രിസ്മസില്‍ സര്‍വം മായ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

തമിഴ് താരം പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. എച്ച്.ആര്‍ പിക്‌ചേഴ്‌സിന്റെ സി.ഇ.ഓയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയ ഷിബുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിവിന്‍ പോളി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായ അജു വര്‍ഗീസും കൂടി ചേരുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

നയന്‍താരയും നിവിന്‍ പോളിയും പ്രധാനവേഷത്തിലെത്തുന്ന ഡിയര്‍ സ്റ്റുഡന്റ്‌സ്, വെബ് സീരീസ് ഫാര്‍മ, തമര്‍ സംവിധാനം ചെയ്യുന്ന ഡോള്‍ബി ദിനേശന്‍, തമിഴ് ചിത്രം ബെന്‍സ്, എന്നിവയും നിവിന്റെ ലൈനപ്പിലുണ്ട്. താരത്തിന്റെ ഗംഭീര തിരിച്ചുവരവിനാകും 2026 സാക്ഷ്യം വഹിക്കുകയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Nivin Pauly’s look in Sarvam Maya movie viral

We use cookies to give you the best possible experience. Learn more