| Saturday, 3rd January 2026, 9:02 pm

വേറെ ആര് പറഞ്ഞാലും ഈ ഡയലോഗില്‍ കോമഡി തോന്നില്ല, സര്‍വം മായയില്‍ ചിരിയുണര്‍ത്തിയ നിവിന്റെ ബണ്ണും ചാറും

അമര്‍നാഥ് എം.

ആറ് വര്‍ഷമായി എടുത്തുപറയാന്‍ ഹിറ്റില്ലാതിരുന്ന നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവിനാണ് സര്‍വം മായയിലൂടെ സാക്ഷ്യം വഹിച്ചത്. വെറുമൊരു ഫീല്‍ ഗുഡ് ചിത്രം വെച്ച് ബോക്‌സ് ഓഫീസില്‍ 80 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി സര്‍വം മായ മാറിയിരിക്കുകയാണ്.

നിവിന്റെ സേഫ് സോണിലുള്ള കഥാപാത്രമായിരുന്നു സര്‍വം മായയിലെ പ്രഭേന്ദു. ചെറിയ ചില നോട്ടം കൊണ്ടുപോലും തിയേറ്ററില്‍ ചിരിപടര്‍ത്താന്‍ നിവിന് സാധിച്ചു. ചിത്രത്തിലെ പല ഡയലോഗുകളും ആളുകളില്‍ ചിരിയുണര്‍ത്തുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു രണ്ടാം പകുതിയില്‍ പ്രീതി മുകുന്ദന്റെ കഥാപാത്രത്തോട് പ്രഭേന്ദു പറയുന്നത്.

നിവിന്‍ പോളി Photo: Screen grab/ Firefly films

തന്റെ ബ്രേക്കപ്പ് സ്റ്റോറി പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്ന സാധ്യ എന്ന കഥാപാത്രത്തെ സമാധാനിപ്പിക്കാന്‍ വേണ്ടി പ്രഭേന്ദു പറയുന്നത് ‘സാധ്യേ, ബണ്ണും ചാറും കഴിക്കൂ’ എന്നാണ്. അതുവരെയുണ്ടായിരുന്ന സീരിയസ് സീന്‍ ഒരൊറ്റ ഡയലോഗ് കൊണ്ട് ചിരിയുടെ മാല തീര്‍ക്കാന്‍ നിവിന് സാധിച്ചു. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലും ഈ ഡയലോഗ് ട്രെന്‍ഡായി മാറിയിട്ടുണ്ട്.

ഈ ഡയലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത അത് നിവിന്‍ പറയുന്നതുകൊണ്ടാണ്. മറ്റേതൊരു നടന്‍ പറഞ്ഞാലും ഈ ഡയലോഗിന് ഇത്ര സ്വീകാര്യത ലഭിക്കുമായിരുന്നില്ല. നിവിന്റേതായ ഡയലോഗ് ഡെലിവറി കൊണ്ട് ആ സീന്‍ പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കൗട്ടായിട്ടുണ്ട്. ഡയലോഗ് മാത്രമല്ല, ചില എക്‌സ്പ്രഷനുകള്‍ കൊണ്ടും നിവിന്‍ ചിരിയുണര്‍ത്തുന്നുണ്ട്.

ആദ്യമായി ആവാഹനത്തിന് പോകുന്ന പ്രഭേന്ദു പൂജക്ക് ശേഷം ആളുകളുടെ മുഖത്തേക്ക് നോക്കുന്ന സീനും ഗംഭീരമായിരുന്നു. ആ സീനിലെ എക്‌സ്പ്രഷനുകള്‍ നിവിനല്ലാതെ മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാനാകില്ല. ഡെലൂലുവുമായിട്ടുള്ള സീനുകളിലും നിവിന്റെ കെമിസ്ട്രി അടിപൊളിയായിരുന്നു. ആദ്യമായി ഡെലൂലുവിനെ കാണുന്ന സീനില്‍ ഡയലോഗ് പോലുമില്ലാതെ ചിരിപ്പിച്ചത് നിവിനായിരുന്നു.

ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള നടന്മാര്‍ക്ക് മലയാളത്തില്‍ എക്കാലത്തും നല്ല സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലിന് ശേഷം ഈ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് ലഭിച്ച നിവിന്‍ പോളി ഒരുകാലത്ത് അത് കൃത്യമായി ഉപയോഗിച്ചു. ഒരുകാലത്ത് ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി ഗംഭീര സിനിമകള്‍ ചെയ്ത് യുവ താരങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ സേഫ് സോണില്‍ മാത്രം സിനിമകള്‍ ചെയ്യരുതെന്ന ഉപദേശം സ്വീകരിച്ചായിരുന്നു നിവിന്‍ പരീക്ഷണ സിനിമകളില്‍ ശ്രദ്ധ നല്‍കിയത്. മൂത്തോന്‍, പടവെട്ട്, ഹേ ജൂഡ് പോലുള്ള സിനിമകളെല്ലാം അതിന് ഉദാഹരണമായിരുന്നു. പരീക്ഷണം വിട്ട് വീണ്ടും സേഫ് സോണിലെത്തിയ നിവിന്‍ ഇനി നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Nivin Pauly’s dialogue delivery in Sarvam Maya

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more