| Saturday, 21st February 2026, 5:46 pm

നിവിന് പകരം കുഞ്ചാക്കോ ബോബന്‍ ആയിരുന്നെങ്കില്‍ നന്നായേനേ, പറയുന്നത്ര മോശമൊന്നുമല്ല; ഒ.ടി.ടി. റിലീസ് പിന്നാലെ ചര്‍ച്ചയായി ബേബി ഗേള്‍

ഐറിന്‍ മരിയ ആന്റണി

സര്‍വ്വം മായയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ നിവിന്‍ പോളി ബോക്‌സ് ഓഫീസില്‍ വീണ്ടും അടിപതറി പോയ സിനിമയാണ് ബേബി ഗേള്‍. ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ വെറും 7 കോടിയാണ് സ്വന്തമാക്കിയത്.

മാജിക് ഫ്രെയ്മിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച സിനിമയില്‍ സംഗീത് പ്രതാപ്, ലിജോമോള്‍ ജോസ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. തിയേറ്ററില്‍ പരാജയപ്പെട്ട ബേബിഗേള്‍ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

Photo: നിവിന്‍ പോളി/ screengrab/magic frames

സിനിമ തിയേറ്ററില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത് പോലെ തന്നെ ഒ.ടി.ടി റിലീസിന് ശേഷവും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ബോബി സഞ്ജയുടെ തിരക്കഥയുടെ പോരായ്മയെ ചൊല്ലിയും നിവിന്‍ പോളിയുടെ പെര്‍ഫോമന്‍സിനെ ചൊല്ലിയുമുള്ള തര്‍ക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്.

എന്നാല്‍ എല്ലാവരും പറയുന്നത്ര കുഴപ്പങ്ങളൊന്നും ബേബി ഗേളിന് ഇല്ലെന്നും പലരുടെയും മോശം അഭിപ്രായങ്ങള്‍ കേട്ട് കണ്ടതിനാല്‍ സിനിമ തങ്ങള്‍ക്ക് ഇഷ്ടപ്പെടുവെന്നും ഒരു വിഭാഗം പറയുന്നു. സൂപ്പര്‍ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും തരക്കേടില്ലാതെ കാണാന്‍ കഴിയുന്ന ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമയാണ് ബേബിഗേളെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം നിവിന്‍ പോളി സിനിമയില്‍ മിസ്‌കാസ്റ്റായി പോയെന്ന് അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്. ആദ്യം തീരുമാനിച്ചത് പോലെ ആ കഥാപാത്രം കുഞ്ചാക്കോ ബോബന്‍ ചെയ്താല്‍ മതിയായിരുന്നുവെന്നും കുഞ്ചാക്കോ ബോബനായിരുന്നെങ്കില്‍ നല്ല രീതിയില്‍ സനല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചേനെയന്നും കമന്റുകള്‍ കാണാം.

നിവിന്റെ റോള്‍ സിനിമയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും താരത്തിന് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. സംഗീതിന്റെയും ലിജോ മോളുടെയും പെര്‍ഫോമന്‍സ് മികച്ച് നിന്നുവെന്നും അഭിപ്രായങ്ങളുണ്ട്.

എന്നാല്‍ ആദ്യ സീന്‍ കാണുമ്പോള്‍ തന്നെ ക്ലൈമാക്സ് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്‌ക്രിപ്റ്റാണ് ബേബി ഗേളിന്റേതെന്ന് പലരും പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് റിലീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും കമന്റുകള്‍ കാണാം.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ 2025 ഡിസംബറില്‍ തിയേറ്ററില്‍ എത്തിയ സര്‍വ്വം മായ ആഗോളതലത്തില്‍ 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്റെ ഏറ്റവും വലിയൊരു തിരിച്ചുവരവായിരുന്നു അത്.

Content Highlight: Nivin pauly’s Baby Girl becomes a topic of discussion after its OTT release

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more