മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരം നിവിൻ പൊളി നായകനാകുന്ന പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിന്റെ പ്രമോഷൻ പ്രോഗ്രാമിൽ , നിവിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ കൈയടി നേടുന്നത്. സിനിമയിലേക്ക് എത്തുന്നതിനു മുമ്പ് ആദ്യമായി ഒഡീഷന് പോയ അനുഭവം പങ്കുവെക്കുകയായിരുന്നു നിവിൻ. ആദ്യമായി ഒഡീഷന് പോയ സമയത്തു ഒരുപാട് സെല്ഫ് ഡൗട്ട് ഉണ്ടായിരുന്നു എന്നും അതെല്ലാം മറികടക്കാൻ തന്നെ സഹായിച്ചത് അന്ന് വായിച്ച ഒരു ബുക്ക് ആണെന്നും നിവിൻ പറയുന്നു.
‘എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നതിന് മുമ്പ്, അതിന്റെ ഒഡീഷൻ സമയത്ത് ഞാൻ കാലിന് സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. 45 ദിവസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു, കുറെ ടിവി കണ്ട് ബോറടിച്ചപ്പോൾ പതുക്കെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ആ സമയത്ത് ഞാൻ വായിച്ച ഒരു പുസ്തകമാണ് ‘ദി ആൽക്കമിസ്റ്റ്’. ആ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു.
നിവിൻ പോളി. Photo: X.Com
അന്ന് ഓഡിഷന് പോകണോ, പോയാൽ എനിക്ക് അവസരം കിട്ടുമോ, സിനിമയിൽ പരിചയക്കാരൊന്നുമില്ലാത്ത സ്ഥിതിക്ക് പോകേണ്ട ആവശ്യമുണ്ടോ എന്നൊക്കെ വലിയ സ്വയം സംശയങ്ങൾ തോന്നിയിരുന്നു. ആ ഘട്ടത്തിൽ എനിക്ക് ധൈര്യം തന്നത് ആ ബുക്കാണ്.
അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് ഓഡിഷനിൽ പങ്കെടുത്തു. ഞാൻ ആദ്യമായി വിനീത് ശ്രീനിവാസനെ കാണുന്നതും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതും അവിടെ വെച്ചാണ്. ഞാൻ അവിടെ എന്തൊക്കെയോ ചെയ്തു, അവർ എന്നെ സെലക്ട് ചെയ്തു, അങ്ങനെ ആ സിനിമ ചെയ്തു. അതിലൂടെയാണ് എനിക്ക് ഇന്ന് ഇവിടെ വന്നു നിൽക്കാൻ സാധിച്ചത്’ നിവിൻ പറയുന്നു.
നിവിൻ പോളി. Photo: DNA India
‘വീട്ടിൽ ചെന്നതിനുശേഷം ഞാൻ ആലോചിച്ചു. സ്റ്റേജ് ഫിയർ ഉള്ള ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഓഡിഷന് പോകാൻ തീരുമാനമെടുത്തത് എന്ന്. ആ ബുക്കിൽ പറയുന്ന ഒരു കാര്യമുണ്ട് അതിലെ കഥാപാത്രം ഒരു യാത്ര പോകുകയാണ്. ആ യാത്ര എവിടെച്ചെന്ന് അവസാനിക്കും എന്ന് അയാൾക്ക് അറിയില്ല, പക്ഷേ ആ യാത്ര പോകാൻ തീരുമാനിച്ച ഘട്ടത്തിലാണ് ആ കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. അന്ന് ഞാൻ അതിൽ പങ്കെടുത്തതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
ജീവിതത്തിൽ പലവിധ സാഹചര്യങ്ങൾ വരും, ഒരുപാട് സ്വയം സംശയങ്ങൾ ഉണ്ടാകും, ‘ഞാൻ പങ്കെടുത്താൽ ആളുകൾ എന്നെ കളിയാക്കുമോ’ എന്നൊക്കെ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയുള്ള സമയങ്ങളിലൊക്കെ നാം ചെയ്യേണ്ട ഒരേയൊരു കാര്യം, മടിക്കാതെ പങ്കെടുക്കുക എന്നതാണ്,’ നിവിൻ കൂട്ടിച്ചേർത്തു.
Content Highlight:Nivin Pauly Opens Up About the Book That Inspired Him to Pursue Cinema