| Friday, 28th August 2026, 10:08 am

അത്തരം സിനിമകൾ ഒക്കെ നല്ല കഴിവുള്ള സംവിധായകരെ ഏൽപ്പിക്കുന്നതാണ് നല്ലത്: നിവിൻ പോളി

നന്ദന. ടി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തനിക്ക് ഏറെ വഴക്കമുള്ള ഫീൽ-ഗുഡ്, റൊമാന്റിക് കോമഡി ഴോണറുകൾ മാറ്റിപിടിച്ചു കൊണ്ടുള്ള നിവിൻ പോളിയുടെ പല പരീക്ഷണ ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിരാശ നൽകിയിരുന്നു.

തമാശയും കുസൃതിയും നിറഞ്ഞ നിവിന്റെ ആ പഴയ അഭിനയ ശൈലിയും സ്ക്രീൻ പ്രസൻസും പ്രേക്ഷകർ ഏറെ മിസ് ചെയ്ത ഒന്നായിരുന്നു. പിന്നീട് 2025 ൽ പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം സർവം മായയിലെ നിവിന്റെ പ്രകടനത്തിന് നടന്റെ തിരിച്ചുവരെവെന്ന രീതിയിൽ ഉള്ള മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചിരുന്നത്.

നിവിൻ പോളി. Photo. Screen grab/ Youtube

തുടർന്ന്, ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നിവിൻ പോളി- മമിതാ ബൈജു കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ നിവിന്റെ അഭിനയം പ്രേക്ഷക പ്രതീക്ഷകളെ പൂർണമായും ശരിവെക്കുന്ന ഒന്നായിരുന്നു. ചിത്രത്തിലൂടെ നടൻ തന്റെ ട്രാക്കിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രയങ്ങൾ. സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയാണ് നിവിൻ പോളി.

ഹ്യൂമർ സീനുകളിലാണ് യാതൊരുവിധ സ്ട്രെസ്സുമില്ലാതെ അഭിനയിക്കാൻ സാധിക്കാറുള്ളത് എന്ന് പറയുകയാണ് നിവിൻ പോളി. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ അത്തരം സീനുകൾ സെറ്റിൽ പോയി അവതരിപ്പിക്കാനുള്ള ത്രില്ലിലായിരിക്കും താനെന്നും നിവിൻ കൂട്ടിച്ചേർത്തു.

‘എന്നെ സംബന്ധിച്ച് ഹ്യൂമർ സീനുകൾ ചെയ്യാനാണെങ്കിൽ ‘ഇന്ന് ഞാൻ പൊളിക്കും’ എന്ന ചിന്തയോടെയാണ് സെറ്റിലേക്ക് പോകുക. ഒട്ടും സ്ട്രെസ്സില്ലാത്ത ദിവസങ്ങളാണവ. അത് ഗംഭീരമായി ചെയ്യും എന്ന് വിചാരിച്ചിട്ടല്ല, പകരം ആ മൊമെന്റ്‌സ്‌ ആസ്വദിക്കാൻ വേണ്ടിയാണ് പോകുന്നത്.

സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ചിരിവരുന്ന ചില രംഗങ്ങൾ ഉണ്ടാകും, അത്തരം സീനുകൾ അഭിനയിക്കാനുള്ള ത്രില്ലോടെയാണ് സെറ്റിലെത്തുക. പലപ്പോഴും ചിരിച്ച് ചിരിച്ച് കുറേ ടേക്കുകൾ പോകാറുമുണ്ട്,’ നിവിൻ പോളി പറഞ്ഞു.

സീരിയസ് വേഷങ്ങൾ ചെയ്യുന്നത് കൂടുതൽ ടെൻഷൻ നൽകുന്ന കാര്യമാണെന്ന് നിവിൻ പോളി പറയുന്നു. അതുകൊണ്ടുതന്നെ അത്തരം സിനിമകൾ അത് നന്നായി ചെയ്യാൻ കഴിവുള്ള സംവിധായകർക്കൊപ്പം മാത്രം ചെയ്യാനാണ് താൻ ശ്രമിക്കാറുള്ളതെന്നും നിവിൻ വ്യക്തമാക്കി.

‘ഹ്യൂമർ സീനുകൾ ചെയ്യുമ്പോൾ ഞാൻ അത്രത്തോളം സന്തോഷവാനാണ്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മാർട്ടിൻ പ്രാക്കാട്ടിന്റെ സിനിമയാണെങ്കിലും ഫുൾ ഹ്യൂമർ പശ്ചാത്തലത്തിലുള്ള ഒന്നാണ്. അതേസമയം, വളരെ സീരിയസായിട്ടുള്ള, കാൽക്കുലേറ്റഡ് ഡയലോഗുകൾ പറയേണ്ട രംഗങ്ങളാണെങ്കിൽ എനിക്ക് അത് കുറച്ച് സ്ട്രെസ്സാണ്.

നിവിൻ പോളി. Photo. Screen grab/ Youtube

ഇത് എങ്ങനെ ചെയ്തു ഫലിപ്പിക്കും, വർക്കാവുമോ, ആ മാസ്സ് ഫീൽ കിട്ടുമോ എന്നൊക്കെയാണ് ടെൻഷൻ. അതുകൊണ്ട് അത്തരം സിനിമകൾ അത് ഏറ്റവും നന്നായി ചെയ്യുന്ന സംവിധായകരുടെ കയ്യിൽ ഏൽപ്പിക്കുന്നതാണ് നല്ലത്. ആ സ്കിൽ നന്നായിട്ട് അറിയുന്ന സംവിധായകരുടെ കൂടെ സിനിമ ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതുന്നത്,’ നിവിൻ പോളി പറഞ്ഞു.

Content Highlight: Nivin Pauly on the difference between doing humor and serious roles
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more