| Friday, 26th December 2025, 9:06 am

സിനിമയിലെത്തിയ ആദ്യ കാലങ്ങളില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം, നല്ല സിനിമകള്‍ വരാന്‍ കാരണം അത്: നിവിന്‍ പോളി

ആദര്‍ശ് എം.കെ.

തന്റെ സിനിമാ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി. മികച്ച സംവിധായകര്‍ക്കൊപ്പം മികച്ച സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് നിവിന്‍ പറയുന്നത്. മികച്ച സിനിമകള്‍ വരാന്‍ കാരണമായത് ഇതാണെന്നും നിവന്‍ പറയുന്നു.

പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

‘ഞാന്‍ സിനിമയില്‍ എത്തിപ്പെട്ടതാണ്. പ്ലാന്‍ ചെയ്ത് വന്നതൊന്നുമല്ല. ഓഡീഷനിലൂടെയാണ് ആദ്യ സിനിമ കിട്ടുന്നത്. ആ ഓഡീഷനില്‍ വെച്ചാണ് അജുവിനെ (അജു വര്‍ഗീസ്) വീണ്ടും കാണുന്നത്.

ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണെങ്കിലും ഓഡീഷനിടയിലാണ് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടുന്നത്. വിനീതിന്റെ (വിനീത് ശ്രീനിവാസന്‍) ആദ്യത്തെ പടത്തില്‍ തന്നെ കയറാന്‍ പറ്റി, ആ സിനിമ നന്നായി, അതില്‍ നല്ലൊരു റോള്‍ കിട്ടി. പിന്നീട് വന്ന എല്ലാ സിനിമകളും നന്നായി.

മലർവാടി ആർട്സ് ക്ലബ്ബ്. Photo: IMDb

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതിനൊപ്പം നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ക്വാളിറ്റിയുള്ള സ്‌ക്രിപ്റ്റില്‍ ക്വാളിറ്റിയുള്ള ഡയറക്ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം കിട്ടി എന്നാണ് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകുന്നത്. അതായിരിക്കണം നല്ല സിനിമകള്‍ വരാന്‍ കാരണം,’ നിവിന്‍ പറഞ്ഞു.

അതേസമയം, നിവിന്‍ നായകനായി ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ഹൊറര്‍ കോമഡി ഴോണറില്‍ അഖില്‍ സത്യനാണ് ചിത്രം അണിയിച്ചൊരുക്കിയത്.

ഫഹദ് ഫാസില്‍ നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കി’നും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Nivin Pauly on the beginning of his film career

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more