| Tuesday, 21st July 2026, 9:15 pm

അറിയാലോ നിവിനാണ്, റോം കോം ടെറിട്ടറിയില്‍ അണ്ണനെ തൂക്കാന്‍ പാടുപെടും; ഖലീഫയ്ക്കും ഐ ആം ഗെയിമിനും മുന്നറിയിപ്പുമായി ആരാധകര്‍

അശ്വിന്‍ രാജേന്ദ്രന്‍

നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവയ്ക്ക് അര്‍ഹിച്ച വിജയം സമ്മാനിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. പുതുമുഖ താരങ്ങളെന്നോ പുതുമുഖ സംവിധായകനെന്നോ നോക്കാതെ ഏപ്രിലില്‍ പുറത്തിറങ്ങിയ വാഴ 2വിന് ഇന്‍ഡസ്ട്രി ഹിറ്റ് നേടിക്കൊടുത്തത് ഇതിന് ഉത്തമ ഉദാഹരണമാണ്. മോളിവുഡില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു സ്ത്രീയാണെന്നതും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് സ്വപ്നതുല്യമായ കാര്യമാണ്.

Photo: District

ഇത്തരത്തില്‍ വലിയ ബിസിനസിനായിരുന്നു ഈ വര്‍ഷത്തെ ആദ്യ ആറ് മാസം സാക്ഷ്യം വഹിച്ചത്. ആയിരം കോടിയ്ക്കടുത്തായിരുന്നു മലയാളത്തിലെ സിനിമാ വ്യവസായം. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളാണ് നൂറും ഇരുനൂറും കോടി പിന്നിടുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം നേടിയ വരുമാനമെല്ലാം ഒരു മാസത്തിനുള്ളില്‍ നേടാന്‍ കെല്‍പുള്ള ചിത്രങ്ങളാണ് ആഗസ്റ്റില്‍ മലയാളത്തില്‍ നിന്നും റിലീസിനൊരുങ്ങുന്നത്.

പൃഥ്വിരാജിന്റെ ഖലീഫയും ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമും നിവിന്‍ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റുമാണ് നിലവില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതില്‍ പൃഥ്വിയും ദുല്‍ഖറും വമ്പന്‍ ബജറ്റില്‍ ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രവുമായി എത്തുമ്പോള്‍ ഒരു റോം കോം ചിത്രവുമായാണ് നിവിന്‍ പോളി-ഗിരീഷ് എഡി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബത്‌ലഹേം കുടുംബയൂണിറ്റ് റിലീസിനൊരുങ്ങുന്നത്.

പൃഥ്വിയുടെയും ദുല്‍ഖറിന്റെയും മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ നിവിന്റെ ചിത്രം വീണ് പോയേക്കാം എന്നാണ് പലരും മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ തിരിച്ച് രണ്ട് ചിത്രങ്ങളെയും ഒന്നിച്ച് തൂക്കാന്‍ നിവിന് സാധിക്കുമെന്നാണ് നിവിന്‍ പോളി ആരാധകരുടെ പക്ഷം. താരത്തിന്റെ ശക്തി കേന്ദ്രമായ റോം-കോം ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ നിവിനെ മറികടക്കുക അസാധ്യമാണെന്നാണ് പലരും കണക്കുകള്‍ നിരത്തി വാദിക്കുന്നത്.

നിവിന്‍ പോളി. Photo: X.com

ലൗ ആക്ഷന്‍ ഡ്രാമ, ഓം ശാന്തി ഓശാന, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി, 1983, സര്‍വ്വം മായ തുടങ്ങി താരത്തിന്റെ ഫീല്‍ ഗുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ വലുതാണ്. ഇതേ രീതിയില്‍ ബത്‌ലഹേം കുടുംബ യൂണിറ്റിനും പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ ഐ ആം ഗെയ്മിനെയും ഖലീഫയെയും ഇത് സാരമായി ബാധിച്ചേക്കാം.

അതേസമയം പ്രേമലുവിന് ശേഷം ഒരു ഗിരീഷ് എ.ഡി ചിത്രത്തില്‍ മമിത അഭിനയിക്കുന്നുവെന്നതും ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ് എന്നതും ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നു. സര്‍വ്വം മായയ്ക്ക് ലഭിച്ച പോലെ ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ വമ്പന്‍ കളക്ഷന്‍ നേടാനുള്ള അവസരമാണ് ബത്‌ലഹേമിന്റെ മുന്നിലുള്ളത്. ഇത് മറ്റ് രണ്ട് ചിത്രങ്ങളുടെയും പരാജയത്തിലേക്ക് വരെ വഴിവെച്ചേക്കാം.

Content Highlight: Nivin Pauly Movie Bethlahem Kudumba unit has the potential to be the winner of onam clash release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more