വാണിജ്യപരമായി മലയാളസിനിമ ഒരുപാട് വളര്‍ന്ന കാലമാണിത്. സ്റ്റാര്‍ഡത്തില്‍ ശ്രദ്ധ നല്‍കാതെ മികച്ച കണ്ടന്റുകളുള്ള സിനിമകള്‍ ചെയ്തുകൊണ്ട് മോളിവുഡ് മറ്റ് ഇന്‍ഡസ്ട്രികളെ അത്ഭുതപ്പെടുത്താറുണ്ട്. അപ്പോഴും ബോക്‌സ് ഓഫീസില്‍ മികച്ച റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ മലയാളസിനിമക്ക് സാധിക്കാറുണ്ട്. മലയാളസിനിമക്ക് 100 കോടി നേട്ടം കിട്ടാക്കനിയായിരുന്ന കാലത്ത് നിന്ന് കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന നിലയിലേക്ക് ഇന്‍ഡസ്ട്രി വളര്‍ന്നു.
കോടി ക്ലബ്ബിന്റെ എലീറ്റ് ലിസ്റ്റിലെ പുതിയ എന്‍ട്രിയായി നിവിന്‍ പോളി മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 75 കോടി നേടിയ താരങ്ങളുടെ ലിസ്റ്റിലാണ് നിവിന്‍ ഇടംപിടിച്ചത്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ സര്‍വം മായ കേരളത്തില്‍ നിന്ന് മാത്രം 75 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞു. മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ മാറ്റിനിര്‍ത്തി സോളോ സിനിമകളുടെ പട്ടികയാണ് ഇതില്‍ നോക്കുന്നത്. നിവിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് ആകെ മൂന്ന് നടന്മാരാണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരാണ് നിവിന് മുമ്പ് ഈ പട്ടികയില്‍ കയറിപ്പറ്റിയവര്‍. ഇതില്‍ മോഹന്‍ലാല്‍ മൂന്ന് തവണ 75 കോടി നേടിയിട്ടുണ്ട്. മോളിവുഡിലെ നാഴികക്കല്ലായ പുലിമുരുകന്‍(85 കോടി), കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങൡലൊന്നായ എമ്പുരാന്‍(86.2 കോടി) എന്നിവയാണ് ആദ്യത്തെ രണ്ട് സിനിമകള്‍. തുടരുമിലൂടെ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ നടനായി മലയാളത്തിന്റെ മോഹന്‍ലാല്‍ മാറുകയും ചെയ്തു.
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ട ആടുജീവിതം കേരള ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കി. ആഗോളതലത്തില്‍ 150 കോടിയിലേറെ നേടിയ ആടുജീവിതം കേരളത്തില്‍ നിന്ന് മാത്രം 79 കോടിയിലേറെ സ്വന്തമാക്കി. ആവേശത്തിലൂടെ ഫഹദും കേരള ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിച്ചു. 76 കോടിയാണ് ചിത്രം നേടിയത്.
ഈ ലിസ്റ്റില്‍ ഇടം നേടാത്ത സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ്. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റിന്റെ സിനിമയിലൂടെ മമ്മൂട്ടി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദുല്‍ഖറും ഈ വര്‍ഷം തന്നെ ഈ ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിം ഓണത്തിന് തിയേറ്ററുകളിലെത്തും. ഷൂട്ട് പൂര്‍ത്തിയാകാത്ത ചിത്രം ഇപ്പോള്‍ തന്നെ തിയേറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചുകഴിഞ്ഞു. കിങ് ഓഫ് കൊത്തയുടെ പരാജയം ഐ ആം ഗെയിമിലൂടെ ദുല്‍ഖര്‍ തീര്‍ക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
Content Highlight: Nivin Pauly enters to the list of Malayalam actors who have 75 crore from Kerala Box Office