സമീപകാലത്ത് മാത്രമാണ് നൂറ് കോടിയെന്ന നേട്ടം മലയാള സിനിമയില്‍ പതിവ് വാര്‍ത്തയായി മാറിയത്. 2026ല്‍ ഇതിനോടകം നാല് നൂറ് കോടി ചിത്രങ്ങളാണ് മോളിവുഡിന് ലഭിച്ചത്. 2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെയാണ് മലയാളത്തിന്റെ ആദ്യ നൂറ് കോടി ചിത്രം പിറക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലൂടെയാണ് മലയാളത്തില്‍ മറ്റൊരു നൂറ് കോടി ചിത്രം പിറന്നത്. കൊവിഡിന് ശേഷം ഒട്ടനവധി ചിത്രങ്ങള്‍ ഈ ക്ലബില്‍ സ്ഥാനം പിടിച്ചെങ്കിലും ഒന്നിലധികം ചിത്രങ്ങള്‍ ലിസ്റ്റിലുള്ള നായകനായി മോഹന്‍ലാല്‍ ആധിപത്യം തുടരുകയാണ്.
Photo: X.com
പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ എമ്പുരാന്‍, തുടരും, ദൃശ്യം 3 തുടങ്ങി അഞ്ച് ചിത്രങ്ങളാണ് താരത്തിന്റേതായി ഈ ലിസ്റ്റിലുള്ളത്. ഇപ്പോഴിതാ ഈ നേട്ടത്തിലേക്ക് തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് നിവിന്‍ പോളി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ മികച്ച വിജയത്തിലൂടെയാണ് തന്റെ കരിയറിലെ രണ്ടാമത്തെ നൂറ് കോടിയെന്ന നേട്ടം നിവിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ നൂറ് കോടി ചിത്രമായ സര്‍വ്വം മായ പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളിലാണ് കോടി ക്ലബ്ബിലേക്ക് മറ്റൊരു ചിത്രവുമായി നിവിന്‍ എത്തിയിരിക്കുന്നത്.
റോം-കോം ഴോണറിലുള്ള ഫീല്‍ ഗുഡ് ചിത്രവുമായാണ് രണ്ട് തവണയും നിവിന്‍ വമ്പന്‍ കളക്ഷനിലേക്കെത്തിയിരിക്കുന്നത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ 150 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ ഭാവന സ്റ്റുഡിയോിന്റെ ബാനറില്‍ ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയും കടന്ന് മുന്നേറുകയാണ്. ഓണം അവധി മുന്നില്‍ കണ്ടാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയതെങ്കിലും രണ്ടാഴ്ച്ച പിന്നിട്ടിട്ടും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് പതിനൊന്ന് ദിവസം പിന്നിട്ടപ്പോള്‍ 78 കോടിയിലധികമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നൊട്ടാകെ ചിത്രം 96 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തില്‍ ബെത്‌ലഹേമിന്റെ കളക്ഷന്‍ 200 കോടി പിന്നിട്ടിരിക്കുകയാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ ഏറ്റവുമധികം സ്ലീപ്പര്‍ സെല്‍ ആരാധകരുള്ളത് നിവിന്‍ പോളിയ്ക്കാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. താരത്തിന്റെ ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ ഫാമിലിയൊട്ടാകെ തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരെയാണ് സ്ലീപ്പര്‍ സെല്‍ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. തന്റെ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച രണ്ടാമത്തെ ചിത്രവും വലിയ കളക്ഷനിലേക്കെത്തിച്ച് ഈ തിയറിയ്ക്ക് അടിവരയിടുകയാണ് നിവിന്‍ പോളി.
Content Highlight: Nivin Pauly becomes the second star who has two 100 crore films after Mohanlal