ഓണം റിലീസായി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളായ നിവിൻ പോളിയും മമിത ബൈജുവും പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവെച്ച നിവിൻ പോളിയുടെ അടിക്കുറിപ്പിന് മമിത നൽകിയ രസകരമായ കമെന്റുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഇൻസ്റ്റഗ്രാം പരിസരങ്ങളിൽ നമ്മൾ തികച്ചും സ്ട്രയിഞ്ചേഴ്സ് ആയിരിക്കും’ എന്നായിരുന്നു നിവിന്റെ പോസ്റ്റ്. ഇതിന് മമിത നൽകിയ മറുപടി ‘അതിന് നമ്മൾ സ്ട്രയിഞ്ചേഴ്സ് അല്ലല്ലോ..എന്നായിരുന്നു. താരങ്ങൾ തമ്മിലുള്ള രസകരമായ ഈ സോഷ്യൽ മീഡിയ സംഭാഷണം ആരാധകർ ഏറ്റെടുത്തതോടെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
നിവിൻ പോളി. മമിത ബൈജു.ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Mamitha baiju/ Nivin pauly/ Insagram. IMDB
ഓഗസ്റ്റ് 21ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരുടെയും ഈ പോസ്റ്റ് എത്തിയത്. നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയ്ക്കൊപ്പം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമ എന്നതും ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന സിനിമയാണിത്.
‘പ്രേമലു’വിന്റെ വമ്പൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ശ്രദ്ധ നേടിയിരുന്നു. നിവിൻ പോളിയും മമിതയും ആദ്യമായി ഒരുമിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ട്രെയിലർ പുറത്തുവന്നതോടെ ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. നിവിൻ അവതരിപ്പിക്കുന്ന ജസ്റ്റിനും മമിതയുടെ ആഷ്‌ലിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കഥയിലെ പ്രധാന ഘടകങ്ങളിലൊന്ന്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ഭാവന സ്റ്റുഡിയോസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട അഭിമുഖവും ഓണ പരിപാടിയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗിരീഷ് എ.ഡിയുടെ സംവിധാന രീതിയെക്കുറിച്ചും സെറ്റിലെ അനുഭവങ്ങളെക്കുറിച്ചും നിവിൻ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ ഇരുവരുടെയും പുതിയ സോഷ്യൽ മീഡിയ പോസ്റ്റും വൈറലാകുന്നത്.
നിവിൻ പോളി. മമിത ബൈജു. Photo: Mamitha baiju/ Nivin pauly/ Insagram
ഗിരീഷ് എ.ഡിയുടെ മുൻ ചിത്രങ്ങൾ നൽകിയ പ്രതീക്ഷ, നിവിൻ പോളിയുടെ തിരിച്ചുവരവ്, മമിത ബൈജുവിന്റെ തുടർച്ചയായ വിജയങ്ങൾ, ഇരുവരുടെയും ആദ്യ കോമ്പിനേഷൻ എന്നിവയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ പ്രധാന പ്രതീക്ഷകൾ. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Highlight: Nivin Pauly and Mamitha Baiju’s social media posts and pictures go viral