| Saturday, 22nd August 2026, 11:46 am

മൂന്ന് കൊല്ലം മുമ്പ് ഓണത്തിന് ബോക്‌സ് ഓഫീസില്‍ ബോംബിട്ട കോമ്പോ... ഇത്തവണ ഓണക്കപ്പ് തൂക്കി നിവിനും മമിതയും

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബയൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ്. റോം കോം ഴോണറിലൊരുങ്ങിയ ചിത്രം അടുത്ത 100 കോടി ക്ലബ്ബ് എന്‍ട്രിയായി മാറുമെന്നാണ് വിലയിരുത്തല്‍.

നിവിന്‍ പോളി തന്റെ സേഫ് സോണില്‍ അഴിഞ്ഞാടിയ ചിത്രമെന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിനെ വിശേഷിപ്പിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ മമിതയാണ് ചിത്രത്തിലെ നായിക. നിവിന്‍- മമിത കോമ്പോയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയത്തിലേക്ക് അടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു ചിത്രമാണ്.

അവസാനമായി നിവിന്‍ ഓണം റിലീസുമായെത്തിയ രാമചന്ദ്ര ബോസ് ആന്‍ഡ് കോയാണ് ആ ചിത്രം. 2023ലെ ഓണത്തിന് തിയേറ്ററുകളിലെത്തിയ ബോസ് ആന്‍ഡ് കോ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടാതെപോയ ചിത്രം ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

നിവിന്‍ പോളി നായകനായ ബോസ് ആന്‍ഡ് കോയില്‍ സോഫിയ എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്. ത്രില്ലില്ലാത്ത ഹെയ്സ്റ്റ് ത്രില്ലറായൊരുങ്ങിയ ചിത്രം പ്രേക്ഷകര്‍ നിരസിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു. ബോസ് ആന്‍ഡ് കോയെക്കാള്‍ വലിയ ട്രോള്‍ മെറ്റീരിയലായി കിങ് ഓഫ് കൊത്ത ക്ലാഷ് റിലീസിനെത്തിയതിനാല്‍ നിവിന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.

മൂന്ന് വര്‍ഷത്തിന് ശേഷം നിവിനും മമിതയും വീണ്ടുമെത്തിയപ്പോള്‍ സിനിമാപ്രേമികള്‍ക്ക് നല്ലൊരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്. അങ്കമാലിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കഥ വികസിക്കുന്നത്. ജസ്റ്റിന്‍ എന്ന കഥാപാത്രമായി നിവിന്‍ വേഷമിട്ടപ്പോള്‍ ആഷ്‌ലി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. ഇരുവരുടെയും കോമ്പോയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

ഏജ് ഗ്യാപ്പ് റൊമാന്‍സ് എന്ന വിഷയത്തെ അതിമനോഹരമായി സംവിധായകന്‍ ഗിരീഷ് എ.ഡി അവതരിപ്പിച്ചിട്ടുണ്ട്. പ്രേമലു എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ, ബിന്ദു പണിക്കര്‍ എന്നിവര്‍ അവരുടെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. 2023ല്‍ നിരാശപ്പെടുത്തിയവര്‍ ഇത്തവണ പലിശയടക്കം വീട്ടിയിട്ടുണ്ടെന്നാണ് കമന്റുകള്‍.

Content Highlight: Nivin Pauly and Mamitha Baiju combo in Ramachandra Boss and Co discussing in cinema pages

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more