| Friday, 2nd January 2026, 3:49 pm

നിവിന്റെ റോം-കോം വൈബ് തിരികെ; ‘ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നന്ദന എം.സി

സർവ്വം മായയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ നിവിൻ പോളി നായകനായെത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന് തുടക്കം കുറിച്ചു.

ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ പ്രേമലു ടീമുമായി നിവിൻ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ചിത്രത്തിന്റെ പൂജ കർമങ്ങൾ ഇന്ന് നടന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റ് ,Photo: Nivin pauly/ Instagram

മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിൽ സംഗീത് പ്രതാപും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ഷമീർ ഖാൻ, രോധന ഷാനവാസ്, ശ്രിന്ദ എന്നിവരും മറ്റു പ്രധാന വേഷത്തിലെത്തുന്നു.

റൊമാന്റിക് കോമഡി ഴോണറിൽ ഒരുക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണൊരുക്കുന്നത്.

പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. സൗത്ത് ഇന്ത്യൻ സെൻസേഷനായി മാറിയ മമിത വീണ്ടും പ്രേമലു ടീമുമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്.

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെ തന്റെ കംഫേർട് സോണിലേക് തിരിച്ചെത്തിയ നിവിൻ, റോം കോം ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ.ഡി യോടൊപ്പം ഒന്നിക്കുമ്പോൾ 2026 ലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിത് മാറുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്.

Content Highlight: Nivin Pauly and Mamita Baiju launch new movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more