| Sunday, 26th April 2026, 9:23 pm

നാട്ടിലെ ബാറുകളെല്ലാം അടച്ചുപൂട്ടിയിട്ട് മകന്റെയൊപ്പം മദ്യപിക്കുന്ന കേരള മുഖ്യമന്ത്രി, കുറച്ചെങ്കിലും ലോജിക്ക് വേണ്ടേ ഉണ്ണികൃഷ്ണാ എന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ടെക്‌നിക്കല്‍ മേഖലയില്‍ മുന്നിട്ട് നില്‍ക്കുമെങ്കിലും പ്രേക്ഷകരുമായി കണക്ടാകുന്ന തിരക്കഥയൊരുക്കുന്നതില്‍ പലപ്പോഴും വിമര്‍ശനം നേരിടുന്ന സംവിധായകനാണ് ബി. ഉണ്ണികൃഷ്ണന്‍. കരിയറാരംഭിച്ച് രണ്ട് പതിറ്റാണ്ടായിട്ടും സംവിധാനം ചെയ്ത സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ ഫ്‌ളോപ്പാണ്. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് പ്രതിഛായ.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. കഴിഞ്ഞദിവസം പ്രതിഛായ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഒട്ടും ബലമില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നിവിന്‍ പോളിയും ബാലചന്ദ്രമേനോനും തമ്മിലുള്ള സീനാണ് ചര്‍ച്ചയായത്. നാട്ടിലെ ബാറുകളെല്ലാം പൂട്ടാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി എന്ന രീതിയിലാണ് ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച വര്‍ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ചരിത്രപരമായ തീരുമാനമെന്ന നിലയിലാണ് ഈ സീനിനെ സംവിധായകന്‍ കാണിച്ചത്.

എന്നാല്‍ തൊട്ടടുത്ത സീനില്‍ നിവിന്‍ പോളിയുടെ ജോണ്‍ വര്‍ഗീസ് കഥാപാത്രം വീട്ടിലേക്ക് തിരിച്ചെത്തുകയും അച്ഛനൊപ്പം ഇരുന്ന് മദ്യപിക്കുകയും ചെയ്യുന്നതായാണ് സംവിധായകന്‍ കാണിച്ചുവെച്ചത്. നാട്ടിലെ ബാറുകളെല്ലാം അടച്ചുപൂട്ടിയിട്ട് മകനൊപ്പം ഇരുന്ന് മദ്യപിക്കുന്ന മുഖ്യമന്ത്രിയിലൂടെ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പലരും ചോദിക്കുന്നുണ്ട്.

അഴിമതി മുഴുവന്‍ കാണിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നയാളായിട്ടാണ് വര്‍ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥയുടെ ഒരു ഘട്ടത്തില്‍ ഒരു സ്ത്രീ വര്‍ഗീസിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തുകയും അയാള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരികയും ചെയ്യുന്നുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ ലൈംഗികാരോപണം തെറ്റാണെന്ന് കാണിക്കുന്നുമുണ്ട്. ബാക്കി എല്ലാ അഴിമതിയും വര്‍ഗീസ് ചെയ്തതായിട്ടാണ് സംവിധായകന്‍ പറഞ്ഞുവെക്കുന്നത്.

നിവിന്‍ പോളിക്ക് എടുത്താല്‍ പൊങ്ങാത്ത വേഷമാണ് ഈ ചിത്രത്തിലേതെന്നും കമന്റുകളുണ്ട്. ഇന്‍ട്രോ സീനില്‍ തന്നെ അങ്ങേയറ്റം ക്രിഞ്ചാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കിവെച്ചത്. രണ്ട് തവണ തായ് പേയ് ചാമ്പ്യനായ ഒരാളെ ഇടിച്ചിട്ട ശേഷം ‘എസ്.എഫ്.വൈ യൂണിയന്‍ സെക്രട്ടറി, ത്രീ ഇയേഴ്‌സ്’ എന്ന പഞ്ച് ഡയലോഗ് നല്‍കിയതോടെ സകല ഇംപ്രഷനും പോയെന്നാണ് കമന്റുകള്‍. ഈയടുത്ത് വന്നതില്‍ മോശം സിനിമകളിലൊന്നായി പലരും പ്രതിഛായയെ വിലയിരുത്തുന്നു.

Content Highlight: Nivin Pauly and Balachandramenon combo scene in  Prathichaya getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more