നിലവില്‍ മലയാള സിനിമയിലെ യുവനടന്മാരുടെ കൂട്ടത്തില്‍ പ്രായഭേദമന്യേ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, തട്ടത്തിന്‍ മറയത്തിലൂടെയും കായംകുളം കൊച്ചുണ്ണിയിലൂടെയും മറ്റ് ഒട്ടനവധി ചിത്രങ്ങളിലൂടെയും പ്രേക്ഷകമനസില്‍ സ്ഥാനം കണ്ടെത്തിയ താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സര്‍വ്വം മായ.
സര്‍വ്വം മായ. Photo: Book My Show
ഹൊറര്‍ കോഡി ഴോണറില്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് 150 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയ ചിത്രം ഒരിടവേളക്ക് ശേഷം നിവിന്‍ പോളിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. ഫീല്‍ഗുഡ് ചിത്രമായിരുന്നിട്ട് കൂടി ചിത്രത്തെ നൂറുകോടി ക്ലബ്ബിലെത്തിക്കാന്‍ മാത്രം മലയാളി ഓഡിയന്‍സിന് മേലുള്ള താരത്തിന്റെ സ്വാധീനത്തെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു.
സര്‍വ്വം മായയില്‍ നിഷ്‌കളങ്കനായ നിവിന്റെ പ്രഭേന്ദു എന്ന കഥാപാത്രം പ്രായവ്യത്യാസമില്ലാതെ കാഴ്ച്ചക്കാര്‍ എങ്ങനെ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വീഡിയോ. നിവിന്‍ പോളിയെ കാണണം എന്ന് പറഞ്ഞ് വാശിപിടിച്ച് കരയുന്ന ചെറിയ കുട്ടിയെ താരം വീഡിയോ കോളില്‍ വിളിച്ച് വിശേഷം അന്വേഷിക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സര്‍വ്വം മായ കണ്ടതിനുശേഷം നിവിനെ കാണണമെന്ന് കരഞ്ഞ് പറയുന്ന കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളുടെ ഫോണിലേക്ക് വിളിച്ച് കുട്ടിയുമായി നിവിന്‍ പോളി സംസാരിച്ചത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും സര്‍വ്വം മായയിലെ ഹിറ്റ് ഗാനമായ ‘പുതുമഴ പെയ്ത പോലൊരാള്‍’ എന്ന ഗാനം താരത്തിന് പാടി നല്‍കുകയും ചെയ്യുന്ന കുട്ടി ഇതിനോടകം സോഷ്യല്‍ മീഡിയ യൂസേഴ്‌സിന്റെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.
സര്‍വ്വം മായ. Photo: Book My Show
ഡെലൂലുവിനെ വിളിച്ചോയെന്ന് നിവിന്‍ ചോദിച്ചപ്പോള്‍ വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ അമ്മ സമ്മതിക്കുന്നില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്. പാട്ട് പാടി നല്‍കിയതിന് കുട്ടിയെ അഭിനന്ദിച്ച നിവിന്‍, നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണണമെന്നും കുട്ടിയോടും കുടുംബത്തോടും പറഞ്ഞു.
നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തിനൊപ്പം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പുതുമുഖമായ റിയ ഷിബു അവതരിപ്പിച്ച ഡെലൂലു. ചിത്രത്തില്‍ ആത്മാവായിട്ടാണ് ഡെലൂലു എത്തുന്നതെങ്കിലും ചിത്രം കണ്ടിറങ്ങിയ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ കഥാപാത്രത്തിനായിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയില്‍ അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Nivian Pauly calls his little fan after her video went viral on social media