| Monday, 1st September 2025, 11:25 am

തകര്‍ത്തടിച്ച് റാണ; കന്നി കിരീടം ചൂടി ദല്‍ഹി ലയണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി പ്രീമിയര്‍ ലീഗില്‍ കന്നി കിരീടം ചൂടി നിതീഷ് റാണയുടെ വെസ്റ്റ് ദല്‍ഹി ലയണ്‍സ്. കലാശപ്പോരില്‍ സെന്‍ട്രല്‍ ദല്‍ഹി കിങ്‌സിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ലയണ്‍സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ റാണയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ആദ്യ കപ്പില്‍ മുത്തമിട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കിങ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ വെസ്റ്റ് ദല്‍ഹി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് നടത്തിയ ദല്‍ഹി ലയണ്‍സ് തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. അഞ്ച് ഓവര്‍ പിന്നിട്ടപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ ക്യാപ്റ്റന്റെ ഇന്നിങ്സാണ് കരകയറ്റിയത്. താരം നാലാമനായി ക്രീസിലെത്തി അവസാനം വരെ തകര്‍പ്പന്‍ ബാറ്റിങ് നടത്തിയാണ് ടീമിന് കന്നി കിരീടം സമ്മാനിച്ചത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന റാണ മത്സരത്തില്‍ 49 പന്തില്‍ പുറത്താവാതെ 79 റണ്‍സെടുത്തു. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 161.22 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും റാണ തന്നെയായിരുന്നു.

റാണയ്ക്ക് പുറമെ, ഹൃതിക് ഷോകീനും മികച്ച പ്രകടനം നടത്തി. താരം 27 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 42 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം അങ്കിത് കുമാര്‍ 20 റണ്‍സ് സംഭാവന ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സെന്‍ട്രല്‍ ദല്‍ഹി കിങ്‌സിനായി യുഗല്‍ സെയ്‌നി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 48 പന്തുകള്‍ നേരിട്ട് 65 റണ്‍സ് എടുത്തു. പ്രാന്‍ഷു വിജയരനും 50 റണ്‍സ് അടിച്ചു. പക്ഷേ ഇവരുടെ പ്രകടനങ്ങള്‍ക്ക് സെന്‍ട്രല്‍ ദല്‍ഹിയെ വിജയിപ്പിക്കാന്‍ സാധിച്ചില്ല.

Content Highlight: Nitish Rana’s West Delhi Lions became champions of Delhi Premier League for the first time

We use cookies to give you the best possible experience. Learn more