| Monday, 13th April 2026, 8:52 pm

നിതീഷ് കുമാര്‍ രാജിവെക്കുന്നു; ബീഹാര്‍ ചരിത്രത്തില്‍ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി അധികാരത്തിലേക്ക്

ആദർശ് എം.കെ.

പാട്‌ന: ബീഹാറില്‍ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രിക്ക് കളമൊരുങ്ങുന്നു. ഏപ്രില്‍ 14ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ രാജിക്കത്ത് ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈന് കൈമാറും.

ചൊവ്വാഴ്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അവസാന കാബിനറ്റ് യോഗം ചേരും. ഏപ്രില്‍ 14ന് ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആണ് ബി.ജെ.പിയുടെ നിരീക്ഷകനായി എത്തുന്നത്. തുടര്‍ന്ന് അന്ന് തന്നെ എന്‍.ഡി.എ നിയമസഭാ കക്ഷി യോഗവും ചേരും.

നിലവിലെ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സാമ്രാട്ട് ചൗധരിയാകും അടുത്ത മുഖ്യമന്ത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷ് കുമാറിന്റെ വിശ്വസ്തനായ അദ്ദേഹം ആര്‍.ജെ.ഡി, ജെ.ഡി.യു എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം ബി.ജെ.പിയില്‍ എത്തിയ നേതാവാണ്. തന്റെ പിന്‍ഗാമിയായി ഒരാളെ നിര്‍ദ്ദേശിക്കാന്‍ ബി.ജെ.പി നേതൃത്വം നേരത്തെ നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ മകന്‍ നിശാന്ത്, മുതിര്‍ന്ന നേതാവ് വിജയ് ചൗധരി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.

243 അംഗ നിയമസഭയില്‍ 89 എം.എല്‍.എമാരുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി.ജെ.പി.

ജെ.ഡി.യു ബി.ജെ.പി, എല്‍.ജെ.പി എച്ച്.എ.എം, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.പി എന്നീ അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന എന്‍ഡിഎ സഖ്യം തന്നെയായിരിക്കും ഭരണത്തില്‍ തുടരുക. മുഖ്യമന്ത്രി പദത്തില്‍ മാത്രമാകും മാറ്റമുണ്ടാവുക.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഏപ്രില്‍ 15ന് ലോക് ഭവനില്‍ നടന്നേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാട്‌ന ജില്ലാ മജിസ്ട്രേറ്റും സീനിയര്‍ എസ്.പിയും ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

Content Highlight: Nitish Kumar resigns; Samrat Chaudhary takes over as BJP’s first Chief Minister in Bihar history

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more