ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. മഴ കാരണം ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 29 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കെ.എല്‍. രാഹുല്‍ (31 പന്തില്‍ 38 റണ്‍സ്), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവര്‍ ചെറുത്തുനിന്നു. 11 പന്തില്‍ പുറത്താകാതെ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
രണ്ട് സിക്‌സര്‍ അടക്കം 172.73 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഈ രണ്ട് സിക്‌സറിന് പിന്നാലെ ഒരു നേട്ടവും റെഡ്ഡിയെ തേടിയെത്തി. അരങ്ങേറ്റ ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് റെഡ്ഡി തിളങ്ങിയത്.
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
നവ്‌ജ്യോത് സിങ് സിദ്ധു – 5
നിതീഷ് കുമാര്‍ റെഡ്ഡി – 2*
ഇഷാന്‍ കിഷന്‍ – 2
ക്രുണാല്‍ പാണ്ഡ്യ – 2
നവ്ദീപ് സെയ്‌നി – 2
ഷര്‍ദുല്‍ താക്കൂര്‍ – 2
അഭിമന്യു മിഥുന്‍ – 2
അമയ് ഖുരാസിയ – 2
ബ്രിജേഷ് പട്ടേല്‍ – 2
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളി. വിരാടും രോഹിത്തും ക്യാപ്റ്റന്‍ ഗില്ലും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ മത്സരത്തില്‍ ഓസ്‌ട്രേലിയ ആധിപത്യമുറപ്പിച്ചു.
കെ.എല്‍. രാഹുലിന്റെയും അക്‌സര്‍ പട്ടേലിന്റെയും ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും താങ്ങി നിര്‍ത്തിയത്.
ഒടുവില്‍ 26 ഓവറിവല്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 136ലെത്തി.
ഓസീസിനായി ജോഷ് ഹെയ്‌സവുഡ്, മാത്യൂ കുന്‍മാന്‍, മിച്ചല്‍ ഓവന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസ് ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങയ ഓസീസിനെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് മുമ്പില്‍ നിന്നും നയിച്ചു. മാര്‍ഷ് 52 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി. 29 പന്തില്‍ 37 റണ്‍സ് നേടിയ ജോഷ് ഫിലിപ്പെയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
അതേസമയം, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിയുമ്പോള്‍ ഓസീസ് 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്‌ലെയ്ഡാണ് വേദി. പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
Content Highlight: Nitish Kumar Reddy becomes second Indian batsman to hit most sixes in first ODI innings