ന്യൂദല്‍ഹി: കാറുകള്‍ക്ക് ഇ20 പെട്രോള്‍ അവതരിപ്പിച്ചതിനു ശേഷം 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
ന്യൂദല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ഓട്ടോലീഡര്‍ബോര്‍ഡ് എക്‌സ്‌പോയില്‍ സംസാരിക്കവേയാണ് മുന്‍നിര വാഹനനിര്‍മാതാക്കള്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തന്നെ പൂര്‍ണമായി എഥനോളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞത്.
വന്‍വിവാദമായ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 ഇന്ധനം രാജ്യവ്യാപകമായി പുറത്തിറക്കിയതിനെ മന്ത്രി ന്യായീകരിച്ചു. 2022 മുതല്‍ നാല് കോടി ഫോര്‍ വീലറുകളും 20 കോടി ഇരുചക്രവാഹനങ്ങളും ഇന്ത്യയിലുണ്ടെന്നും ഒരു പരാതി പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജദാതാക്കള്‍ കൂടിയാണെന്ന് പറഞ്ഞ മന്ത്രി എഥനോള്‍ ഉത്പാദനം ഇതിനകം തന്നെ കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ചോളത്തിന്റെ വില ഏകദേശം 1,200 രൂപയില്‍ നിന്നും 26,00 രൂപയായി ഉയര്‍ന്നതായി ഗഡ്കരി ചൂണ്ടിക്കാട്ടി. ഇതാണ് സ്വദേശി, സ്വാശ്രയത്വം, സ്വാതന്ത്ര്യം എന്നിവയുടെ അര്‍ഥമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഗതാഗതമേഖല പരിസ്ഥിതി സൗഹാര്‍മാകുന്നതിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമാകും ഇതെന്ന് ഗഡ്കരി പറഞ്ഞു.
ഇന്ത്യ നിലവില്‍ 22 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഇറക്കുമതി ചെയ്യുന്നുണ്ട്. എഥനോള്‍, വൈദ്യുതി, ഹൈഡ്രജന്‍, മറ്റ് ബദല്‍ ഊര്‍ജസ്രോതസുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിച്ചുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന പെട്രോളിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാവാന്‍ ഇന്ത്യയ്ക്ക് സാധ്യമായതിനുപുറമെ, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും എഥനോളിന് സാധിക്കുന്നുവെന്ന് മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.
ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകര്‍ക്ക് 45000 കോടിയുടെ നേട്ടമാണിതുണ്ടാക്കിയതെന്നും ഗഡ്കരി പറഞ്ഞു.
Content Highlight: Nitin Gadkari says vehicles which can run on 100% ethanol may hit roads in 2 months.