| Monday, 16th February 2026, 11:03 pm

എന്റെ അഭിനയത്തിന് കിട്ടിയ അംഗീകാരമായിരുന്നു അത്; വീട്ടില്‍ ടി.വിയില്ലെന്ന് പറഞ്ഞത് സത്യം: നിത്യ മേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് രചനയും മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ ഒരു റോം കോം ചിത്രമാണ് തിരുചിത്രമ്പലം. ധനുഷും നിത്യ മേനനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ ഹിറ്റാകുകയും ചെയ്തിരുന്നു.

രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ സിനിമയില്‍ ഭാരതിരാജ, പ്രകാശ് രാജ്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ശോഭന എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നിത്യ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സിനിമയിലൂടെ സ്വന്തമാക്കി.

ഇപ്പോള്‍ മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിത്യ മേനന്‍. തന്റെ അഭിനയത്തിനുള്ള അംഗീകാരമായിരുന്നു അതെന്ന് നടി പറയുന്നു.

‘ഏത് സിനിമയാണെങ്കിലും ആ കഥാപാത്രം ഭംഗിയായി ചെയ്യണം എന്ന് ആഗ്രഹിക്കും. അത് ഒരു പതിവ് കഥാപാത്രമാവരുത് എന്നതില്‍ ഉറച്ചു നില്‍ക്കും. പൊതുവേ ഒരു സിനിമയില്‍ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഡയലോഗ്, മറ്റുള്ള വിഷയങ്ങള്‍ എല്ലാം യോജിച്ചു വന്നാലേ ആ സിനിമ വര്‍ക്ക് ഔട്ട് ആവുകയുള്ളൂ.

എന്റെ ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിന് ലഭിച്ച അംഗീകാരത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എന്റെ വീട്ടില്‍ ടി.വി ഇല്ല എന്ന് പറഞ്ഞ കാര്യം സത്യമാണ്
ഞാന്‍ ടി.വി കാണാറില്ല. വാര്‍ത്തകള്‍ പോലും കേള്‍ക്കാറില്ല,’ നിത്യ പറഞ്ഞു.

തനിക്ക് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താറില്ലെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തു നടക്കുന്നു എന്നൊന്നും അറിയാനുള്ള താത്പ്പര്യം തനിക്കില്ലെന്നും നടി പറയുന്നു. അതുകൊണ്ട് സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി അഭിനയിക്കുന്നത് കൊണ്ട് അല്‍പ്പം വിശ്രമം ആവശ്യമായി വരാറുണ്ടെന്നും വീട്ടിലിരുന്നാല്‍ തന്നെ റിലാക്‌സ്ഡാവുമെന്നും നിത്യ പറഞ്ഞു.

ഇഡ്‌ലി കടൈയാണ് നിത്യയുടേതായി ഒടുവില്‍ തിയേറ്റേറുകളില്‍ എത്തിയ ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ധനുഷിനൊപ്പം അരുണ്‍ വിജയ്, സത്യരാജ്, പി. സമുദ്രക്കനി, നിത്യ മേനോന്‍, ശാലിനി പാണ്ഡെ, രാജ്കിരണ്‍, ആര്‍. പാര്‍ത്ഥിബന്‍ എന്നിവരും അഭിനയിക്കുന്നു.

Content Highlight: Nithya Menon says she is honored to receive the National Award

We use cookies to give you the best possible experience. Learn more