ബാലതാരമായി സിനിമയിലേക്കെത്തി ഇന്ന് പല ഭാഷകളിലു തിരക്കുള്ള നടിയാണ് നിത്യ മേനന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ നിത്യക്ക് സാധിച്ചു. എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന നിത്യ പലപ്പോഴും സിനിമാലോകത്തിന് അത്ഭുതമാണ്. തിരുച്ചിത്രമ്പലത്തിലൂടെ കരിയറിലെ ആദ്യത്തെ ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി.
തിരുച്ചിത്രമ്പലത്തിന് ശേഷം നിത്യ മേനനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷിന്റെ നാലാമത്തെ സംവിധാനസംരംഭമാണിത്. ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫീല്‍ ഗുഡ് ചിത്രമാണിത്. ഇഡ്‌ലി കടൈയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുയാണ് നിത്യ മേനന്‍. ധനുഷിനൊപ്പം വര്‍ക്ക് ചെയ്യുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നിത്യ പറഞ്ഞു.
ചിത്രത്തിനായി വെറും കൈകൊണ്ട് ചാണകം വാരിയെന്നും ആദ്യമായാണ് അത്തരം കാര്യങ്ങള്‍ ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. എങ്ങനെയാണ് അതെല്ലാം ചെയ്യേണ്ടതെന്ന് എല്ലാവരും തനിക്ക് പഠിപ്പിച്ചു തന്നെന്നും തനിക്ക് അത് പുതിയ കാര്യമായിരുന്നെന്നും നിത്യ പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം പറഞ്ഞത്.
‘ഇഡ്‌ലി കടൈയുടെ ഷൂട്ട് തേനിയിലായിരുന്നു. അവിടെ ഗ്രാമത്തിന്റെ ഇടയിലായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. വളരെ നല്ല അനുഭവമായിരുന്നു അത്. ധനുഷിന്റെ കൂടെയുള്ള വര്‍ക്ക് എപ്പോഴും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഈ സിനിമക്ക് വേണ്ടി മുമ്പ് ചെയ്യാത്ത പലതും എനിക്ക് ചെയ്യേണ്ടി വന്നു. വെറുംകൈയില്‍ എനിക്ക് ചാണകം വാരേണ്ടിവന്നു.
മറ്റുള്ളവര്‍ ഇതെല്ലാം ചെയ്ത് ശീലിച്ചതായിരിക്കാം. വിദേശത്ത് വളര്‍ന്ന എനിക്ക് അതെല്ലാം പുതിയ കാര്യമായിരുന്നു. ചാണകം വാരുന്നതില്‍ എനിക്ക് മടിയൊന്നുമില്ല. പക്ഷേ, എങ്ങനെ ചെയ്യണം, അതിനെ എങ്ങനെ ഉരുളയാക്കണം എന്നൊക്കെ സെറ്റിലുള്ളവര്‍ കൃത്യമായി പഠിപ്പിച്ചു തന്നു. ആ ഗ്രാമത്തിന്റെ അന്തരീക്ഷം എനിക്ക് ഒരുപാട് ഇഷ്ടമായി.
സത്യം പറഞ്ഞാല്‍, നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന്റെ തലേന്ന് ചാണകം വാരുന്ന സീനായിരുന്നു ചെയ്തത്. ദല്‍ഹിയില്‍ പോയി അവാര്‍ഡ് വാങ്ങിയപ്പോള്‍ എന്റെ നഖത്തിനിടയില്‍ ചാണകമുണ്ടായിരുന്നു. ആ കൈ കൊണ്ടാണ് അവാര്‍ഡ് വാങ്ങിയത്. എനിക്ക് അതില്‍ വലിയ അഭിമാനമാണ് തോന്നിയത്,’ നിത്യ മേനന്‍ പറഞ്ഞു.
Content Highlight: Nithya Menen shares the shooting experience of Idly Kadai movie