| Wednesday, 25th November 2026, 11:54 am

എന്റെ മുടിയെ പറ്റി പലരും നെഗറ്റീവ് പറഞ്ഞിട്ടുണ്ട്, എനിക്കന്ന് 15 വയസേയുണ്ടായിരുന്നുള്ളൂ: നിത്യ മേനന്‍

അനുപമ കെ. സീത

ബാലതാരമായി ചലച്ചിത്ര മേഖലയിലേക്കെത്തിയ അഭിനേത്രിയാണ് നിത്യ മേനന്‍. 1998 ൽ ഹനുമാൻ എന്ന ഇംഗ്ലീഷ്- ഫ്രഞ്ച് ചിത്രമാണ് നടിയുടെ ആദ്യ സിനിമ. 2006 ൽ സെവൻ ഓ ക്ലോക് എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. താരത്തിന്റെ ആദ്യ മലയാള സിനിമ ആകാശഗോപുരമാണ്. തെന്നിന്ത്യയിലുടനീളം നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ട് എല്ലാ ഭാഷകളിലെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാവാൻ നിത്യക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സമൂഹത്തിലെ ട്രെന്റുകൾക്കനുസരിച്ച് താൻ ജീവിച്ചിട്ടില്ലെന്നും അങ്ങനെയാവാൻ താനിപ്പോഴും ആഗ്രഹിക്കുന്നില്ലെന്നുമാണ് നിത്യ മേനന്‍ പറയുന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കൃത്രിമമൊന്നുമില്ലാതെ സ്വാഭാവികമായി ജീവിക്കുന്നതിലാണ് തനിക്ക് സന്തോഷമെന്നും നടി ഗോപിനാഥ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ഞാൻ കോളേജിലായിരുന്നപ്പോൾ എന്റെ ഈ ചുരുണ്ട മുടി ഇപ്പോഴുള്ളത് പോലെ ട്രെന്റായിരുന്നില്ല. പലരും മുടിയെ പറ്റി നെഗറ്റീവ് പറഞ്ഞിട്ടുണ്ട്. ‘മുടി സ്ട്രൈറ്റ് ചെയ്തൂടെ, ഐബ്രോസ് എന്താ ഇത്രയും കട്ടി, അത് തിൻ ചെയ്തൂടെ’ എന്നൊക്കെ കേട്ടിരുന്നു. ഇതൊക്കെയും അന്ന് ട്രെന്റായിരുന്നു. എന്നാൽ ഞാനതൊന്നും കേട്ടില്ല. എനിക്കന്ന് 15 വയസേയുള്ളൂ പക്ഷേ ഞാനന്ന് എല്ലാവരും മുടി സ്ട്രൈറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ് അങ്ങനെ ചെയ്തില്ല.

നിത്യ മേനോൻ. Photo.Screen Grab/Youtube.com

ഇതാണ് എന്റെ മുടി, ഇതാണ് ദൈവം എനിക്ക് തന്നത്, നാച്ചുറലി എനിക്ക് കിട്ടിയ മുടി എങ്ങനെ ഭംഗിയിൽ കൊണ്ട് നടക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. കൃത്രിമമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതത്തിന്റെ ഹോൾ പോയിന്റെന്ന് പറയുന്നത് ഓതെന്റിക്കായിട്ടിരിക്കുക എന്നതാണ്. അതുകൊണ്ട് അനാവശ്യമായിട്ടുള്ള ലേയറുകൾ ജീവിതത്തിൽ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,’ നിത്യ പറഞ്ഞു.

15 വർഷങ്ങൾക്ക് മുമ്പുള്ള താനല്ല ഇപ്പോഴെന്നും പ്രായമാകുന്തോറും നമ്മൾ കൂടുതൽ സന്തോഷമുള്ളവരും, ആരോഗ്യമുള്ളവരും, ഭംഗിയുള്ളവരുമായി തീരുമെന്നും തന്നെ സംബന്ധിച്ചിടത്തോളം താൻ അങ്ങനെയായി തീർന്നുവെന്നാണ് നടി പറയുന്നത്. താനിപ്പോൾ വളരെ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കി. ഇപ്പോൾ ആളുകൾ അവരുടെ മുഖത്തും മുടിയിലൊക്കെ ഫെയ്ക്കായിട്ട് എന്തൊക്കെയോ ചെയ്യുകയാണെന്നും താൻ അതിന് നേരെ ഓപ്പോസിറ്റാണെന്നും നിത്യ പറഞ്ഞു.

Content Highlight: Nithya Menen said many people had criticized her hair when she was only fifteen.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more