ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നിത്യ മേനന്‍. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച നിത്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. 2021ല്‍ റിലീസായ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യ സ്വന്തമാക്കി.
തമിഴില്‍ നിത്യ മേനന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു സൈക്കോ. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമല എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. ഒരുപാട് തെറി ഡയലോഗുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിത്യ മേനന്‍. ആ സിനിമയില്‍ പറഞ്ഞ തെറിയുടെ അര്‍ത്ഥം എന്താണെന്ന് തനിക്കറിയില്ലായിരുന്നെന്ന് നിത്യ പറഞ്ഞു.
ജീവിതത്തില്‍ താന്‍ ഒരിക്കലും തെറിവാക്കുകള്‍ ഉപയോഗിക്കാറില്ലെന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമയില്‍ എന്തിനാണ് ഇത്രയും തെറിവിളി ഉപയോഗിക്കുന്നതെന്ന് ചിന്തിക്കാറുണ്ടെന്നും നടി പറയുന്നു. തന്നെക്കൊണ്ട് സൈക്കോ എന്ന സിനിമയില്‍ തെറി വിളിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇടക്ക് ആലോചിക്കാറുണ്ടെന്നും നിത്യ പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു നിത്യ മേനന്‍.
‘ആ സിനിമയില്‍ പറഞ്ഞ തെറിവാക്കുകളുടെ അര്‍ത്ഥം എന്താണെന്ന് പോലും എനിക്കറിയില്ല. അതൊന്നും അറിയാതെയാണ് ഞാന്‍ ആ തെറിയൊക്കെ ഉപയോഗിച്ചത്. തമിഴ് സിനിമയില്‍ എന്തിനാണ് ഇത്രയും തെറിയൊക്കെ ഉപയോഗിക്കുന്നതെന്ന് എനിക്ക് അറിയില്ല. ലൈഫില്‍ ഒരിക്കലും ഞാന്‍ ഇതുപോലെ തെറി വിളിച്ചിട്ടില്ല.
സൈക്കോയില്‍ എന്നെക്കൊണ്ട് അത്രയും തെറി വിളിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കും, എന്നെക്കൊണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യിച്ചതെന്ന്. ഇത് മാത്രമല്ല, ഇനി വരാന്‍ പോകുന്ന ഇഡ്‌ലി കടൈ എന്ന സിനിമ നിങ്ങള്‍ കാണണം. ആ സിനിമയില്‍ സൈക്കോയിലെക്കാള്‍ കൂടുതല്‍ തെറി വിളിക്കുന്നുണ്ട്. എനിക്ക് മാത്രമേ അങ്ങനെയുള്ളൂ,’ നിത്യ മേനന്‍ പറയുന്നു.
ഉദയനിധിയെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സൈക്കോ. അതിഥി റാവു നായികയായെത്തിയ ചിത്രം ഒരു സൈക്കോ കില്ലറുടെയും അയാള്‍ കൊല്ലാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെയും കഥയാണ് പറയുന്നത്. വലിയ പ്രതീക്ഷയിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടാതെ പോയി.
Content Highlight: Nithya Menen about the abusing words she used in Psycho movie