| Monday, 10th August 2026, 1:54 pm

നിതിന്‍ രാജിന്റെ മരണം: സര്‍ക്കാറിനെ കുടഞ്ഞ് കോടതി; അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്, ഡി.വൈ.എസ്.പിയുടേത് ഗുരുതര വീഴ്ച

അഞ്ജു ചന്ദ്രന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ.എം.കെ റാമിനെ അറസ്റ്റുചെയ്തതിലെ പൊലീസ് വീഴ്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി.

ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍ രാജ്. കോളേജ് പ്രൊഫസര്‍മാരുടെ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനവും അധിക്ഷേപവും മൂലം 2026 ഏപ്രിലിലായിരുന്നു ആത്മഹത്യ ചെയ്തത്.

‘ഡി.വൈ.എസ്.പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ട്, അച്ചടക്ക നടപടികള്‍ എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്, അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി എനിക്കറിയാം…ഈ പണി തുടങ്ങിയിട്ട് കുറച്ചായി,’ ജസ്റ്റിസ് എ. ബദ്രുദ്ദീന്‍ പറഞ്ഞു.

ഡി.വൈ.എസ്.പിയുടേത് ഗുരുതര വീഴ്ചയെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഗുരുതര വീഴ്ച നടത്തിയിട്ട് അന്വേഷണം മാത്രം മതിയോയെന്നും കോടതി ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോഴും എത്ര തവണയായി ഈ പണി തുടങ്ങിയിട്ട് എന്ന് പറഞ്ഞ് കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചിരുന്നു. നിലവില്‍ ഡി.വൈ.എസ്.പിക്കെതിരെ നടപടിയെടുക്കാത്തതിനാണ് കോടതിയ്ക്ക് വിമര്‍ശനമുള്ളത്.

കേസിലെ കുറ്റാരോപിതനായ പ്രൊഫസര്‍ ഡോ. എം. കെ. റാമിനെ തെളിവെടുപ്പിനായി പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ആ അറസ്റ്റിന്റെ കാരണങ്ങള്‍ എഴുതി നല്‍കാത്തതിനാലാണ് അറസ്റ്റില്‍ വീഴ്ച വന്നത്. ഈ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി കോടതി റാമിന് അന്നു തന്നെ ജാമ്യം നല്‍കുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കോടതി സമുച്ചയത്തില്‍ വച്ച് റാമിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ വീഴ്ച നിതിന്‍ രാജിന്റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാറിനെ കോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചത്.

ഡി.വൈ.എസ്.പിക്കെതിരെ വാക്കാലുള്ള അന്വേഷണം നടത്തുന്നതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സസ്‌പെന്‍ഷനിലേക്ക് കടക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Content Highlights: Nithin Raj’s death: Court slams government; do not lecture the court on disciplinary action; DySP’s conduct was a serious lapse

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more