റിലീസിന് മുമ്പുള്ള ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ പ്രവചനത്തെ കാറ്റില്‍ പറത്തിക്കൊണ്ട് ചരിത്രവിജയമായി മാറിയിരിക്കുകയാണ് രാമായണ. ഇന്ത്യന്‍ ഐതിഹ്യകഥയെ ആസ്പദമാക്കി നിതേഷ് തിവാരി അണിയിച്ചൊരുക്കിയ ചിത്രം വിഷ്വല്‍ ട്രീറ്റാണ് സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചത്. ആയിരം കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.
റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടന്ന ചിത്രം ഇതിനോടകം 1800 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. സംവിധായകന് നിതേഷ് തിവാരി ഇതോടെ ഒരു അപൂര്‍വ റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകനായ രാജമൗലിക്ക് പോലും സാധിക്കാത്ത ഒരു നേട്ടമാണ് നിതേഷ് തിവാരി സ്വന്തമാക്കിയത്.
ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയ ബാഹുബലി 2ന്റെ കളക്ഷന്‍ രാമായണയിലൂടെ രണ്ടാമതും നിതേഷ് തിവാരി മറികടന്നിരിക്കുകയാണ്. 2017ല്‍ ദംഗലിലൂടെ ബാഹുബലി 2ന്റെ കളക്ഷന്‍ ആദ്യമായി നിതേഷ് തിവാരി മറികടന്നു. ബാഹുബലി 2 1780 കോടി നേടിയപ്പോള്‍ 2200 കോടിയാണ് ദംഗല്‍ നേടിയത്. ബാഹുബലി 2നെപ്പോലെ വലിയ ബജറ്റും താരനിരയുമില്ലാതെയാണ് ദംഗല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
2017ല്‍ പുറത്തിറങ്ങിയ ബാഹുബലി 2ന്റെ കളക്ഷന്‍ ഇതുവരെ മറ്റൊരു സിനിമക്കും ഇതുവരെ മറികടക്കാനായില്ല. സാക്ഷാല്‍ രാജമൗലിക്ക് പോലും ഇതുവരെ ബാഹുബലി 2നെ മറികടക്കാനാകാത്തപ്പോള് നിതേഷ് തിവാരി രണ്ടാമതും മറികടന്നതാണ് സിനിമാലോകത്തെ പ്രധാന വാര്‍ത്ത. രാമായണയുടെ ആദ്യഭാഗം 2000 കോടിക്ക് മുകളില്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഹിറ്റാകാന്‍ 2500 കോടിയെങ്കിലും ആവശ്യമാണ്. നിലവിലെ ഹോള്‍ഡും ലോങ് റണ്ണും മുന്നിലുള്ളതുകൊണ്ട് ഈ നേട്ടം രാമായണക്ക് സ്വന്തമാക്കാനാകുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ആദ്യഭാഗം ലാഭം നല്കിയില്ലെങ്കിലും രണ്ടാം ഭാഗം വന്‍ വിജയമാകുമെന്ന് ഉറപ്പാണ്.
ആന്ധ്ര/ തെലങ്കാന ഒഴികെ മറ്റെല്ലാ റീജിയണിലും ചിത്രം ലാഭകരമായി മാറി. ഒട്ടും പ്രതീക്ഷയില്ലാത്ത കേരളത്തില്‍ രാമായണയുടെ കളക്ഷന്‍ പലരെയും ഞെട്ടിച്ചു. 75 കോടിയാണ് ചിത്രം നേടിയത്. ഒരു അന്യഭാഷാ ചിത്രത്തിന് കേരള ബോക്സ് ഓഫീസില്‍ ലഭിച്ച ഏറ്റവുമുയര്‍ന്ന കളക്ഷന്‍ കൂടിയാണിത്. രണ്ടാം ഭാഗം കേരളത്തില്‍ നിന്ന് 100 കോടി നേടാനുള്ള സാധ്യതയും മുന്നിലുണ്ട്.
Content Highlight: Nitesh Tiwari breaks Bahubali 2 collection second time