| Monday, 23rd February 2026, 5:12 pm

സ്‌കൂള്‍ക്കാലം മുതലേ മനസിലിടം നേടിയ താരമാണ് ജീവ, അന്ന് ഞാന്‍ അത് തിരിച്ചറിഞ്ഞു : നിതീഷ് സഹദേവ്

ഐറിന്‍ മരിയ ആന്റണി

പൊങ്കല്‍ റിലീസായെത്തി 20225ല്‍ വന്‍ വിജയം നേടിയ ചിത്രമാണ് ‘തലൈവര്‍ തമ്പി തലൈമയില്‍’. ഫാലിമിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ നിതീഷ് സഹദേവന്‍ ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറി. വാ വാത്തിയര്‍, ശിവകാര്‍ത്തികേയന്റെ പരാശക്തി എന്നീ സിനിമകള്‍ വന്‍ ബില്‍ഡപ്പോടെ വന്നപ്പോള്‍ പൊങ്കലില്‍ കപ്പ് കൊണ്ടുപോയത് ജീവയുടെ തലൈവര്‍ തമ്പി തലൈമയില്‍ ആയിരുന്നു.

തലൈവര്‍ തമ്പി തലൈമയില്‍/ Theatrical poster

നാഗര്‍കോവില്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ഒരുരാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ പറയുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങിയത്. ജീവയുടെ ഗംഭീര തിരിച്ചുവരവെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ, മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ അപ്രതീക്ഷിത ഹിറ്റടിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നിതീഷ് സഹദേവ്.

‘സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ഉള്‍ഗ്രാമങ്ങളിലെ തിയേറ്ററുകള്‍ സന്ദര്‍ശിച്ചിരുന്നു. ആവേശത്തോടെയാണ് പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചത്. അവരുടെയെല്ലാം വീടിനടുത്ത് നടന്ന ഒരു സംഭവമെന്ന നിലയിലാണ് പലരും കഥയെക്കുറിച്ച് സംസാരിക്കുന്നത്.

സ്‌കൂള്‍ക്കാലം മുതലേ മനസിലിടം നേടിയ താരമാണ് ജീവ, കുറച്ചുകാലമായി വലിയ ഹിറ്റുകള്‍ ലഭി ച്ചില്ലെങ്കിലും നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹം ഈ സിനിമയിലൂടെ നേരിലറിയാന്‍ കഴിഞ്ഞു.’ നിതീഷ് സഹദേവ് പറയുന്നു.

കല്യാണവും മരണവുമെല്ലാം പ്രാധാന്യത്തോടെവരുന്ന സിനിമയാണ് തലൈവര്‍ തമ്പി തലൈമയിലെന്നും ഇവ രണ്ടും തമിഴകത്ത് ആഘോഷിക്കുന്നതുപോലെ വേറെയെവിടെയും ആഘോഷിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. മുമ്പ് മനസിലുണ്ടായിരുന്ന കഥയുടെ പശ്ചാത്തലം കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ആദ്യകേള്‍വിയില്‍ത്തന്നെ ജീവയും നിര്‍മാതാവും കഥക്കയൊപ്പം കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ സിനിമയില്‍ പ്രാര്‍ത്ഥന നാഥന്‍, മാലാ പാര്‍വതി, ഇളവരസ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച അഭിപ്രായാങ്ങളാണ് വരുന്നത്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അര്‍ജുന്‍ ബാബുവാണ്.

Content Highlight: Niteesh Sahdev talks about the movie Thalaivar Thambi Thalaimayil

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more