| Friday, 17th April 2026, 7:43 am

ഞാന്‍ ഡയലോഗ് പറയുന്നത് മമ്മൂക്കയോടാണെന്നറിഞ്ഞില്ല, മൂത്തോനാരാണെന്നറിഞ്ഞപ്പോള്‍ ഞെട്ടി: നിഷാന്ത് സാഗര്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. നീലിയെയും ചാത്തനെയും ഐതിഹ്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കിയ ചിത്രം പുതിയനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കല്ല്യാണി പ്രിയദര്‍ശന്റെ തകര്‍പ്പന്‍ പ്രകടനവും ടൊവിനോയുടെയും ദുല്‍ഖറിന്റെയും ക്യാമിയോ റോളുകളും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെല്ലാം പുറമെ ചിത്രം കാണാനെത്തിയവരെ ഏറെ ആവേശത്തിലാഴ്ത്തിയ ഫാക്ടറായിരുന്നു ചിത്രത്തിന്റെ അവസാന ഭാഗത്ത് മുഖം വെളിപ്പെടുത്താതെ പ്രത്യക്ഷപ്പെടുന്ന മൂത്തോന്‍ എന്ന കഥാപാത്രം മമ്മൂട്ടിയാണെന്നത്. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ താനുണ്ട് എന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും തനിക്ക് പകരം മറ്റാരുടെയോ കൈയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞത്.

നിഷാന്ത് സാഗര്‍. Photo: Dool News

ഇപ്പോഴിതാ ചിത്രത്തില്‍ മൂത്തോന്റെ അനുയായി ആയി വേഷമിട്ട നിഷാന്ത് സാഗര്‍ മൂത്തോനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂത്തോനായി വേഷമിട്ടത് ആരായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് താരം വെളിപ്പെടുത്തിയത്.

‘സത്യം പറഞ്ഞാല്‍ ലോകഃ ചെയ്തപ്പോള്‍ മൂത്തോനുമായി ഡയലോഗുള്ള സീനില്‍ എനിക്കറിയില്ലായിരുന്നു ഞാനാരോടാണ് അത് പറയുന്നതെന്ന് . ഡയലോഗ് പറഞ്ഞപ്പോള്‍ പഞ്ച് ഇല്ലാത്തതു കൊണ്ടാവും സംവിധായകന്‍ എന്നോട് വന്ന് പറഞ്ഞത് ഇത് നമ്മള്‍ പറയുന്നത് ആരോടാണെന്നറിയുമോ എന്ന് ചോദിച്ചത്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. മമ്മൂക്കയോടാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വാ ഒന്നൂടെ നന്നാക്കി എടുക്കാം എന്നാണ് ഞാന്‍ പറഞ്ഞത്,’നിഷാന്ത് സാഗര്‍ പറയുന്നു.

മമ്മൂട്ടി. Photo: The Hindu

മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലോകഃയുടെ രണ്ടാം ഭാഗം. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ കേന്ദ്രകഥാപാത്രമാക്കിയായിരിക്കും ചിത്രം ഒരുക്കുക എന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ ഇതിനോടകം ആരംഭിച്ചതായി ടൊവിനോ അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷമവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Nishanth Sagar talks about Moothon character in Lokah chapter One Chandra Portrayed by Mammoottty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more